
സ്ത്രീകളുടെ പൊതുവേദി പ്രവേശനവുമായി ബന്ധപ്പെട്ട് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയത് ഇസ്‌ലാമിക പ്രമാണങ്ങളിൽ അധിഷ്ഠിതമായ മതപരമായ മാർഗനിർദ്ദേശമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി. ഇസ്‌ലാമിക മൂല്യങ്ങളനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഈ നിലപാടിനെ തെറ്റിദ്ധരിപ്പിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് കോഴിക്കോട്ട് ചേർന്ന യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ഇത്തരം അടിസ്ഥാനരഹിതമായ വിമർശനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യവും മതനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശവും ആർക്കും നിഷേധിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. സമത്വത്തിനേക്കാൾ ഇസ്‌ലാം ലിംഗനീതിക്കാണ് പ്രാധാന്യം നൽകുന്നത്. ശാരീരികവും മാനസികവുമായ സവിശേഷതകൾ മുൻനിർത്തി സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് മതം നൽകിയിട്ടുള്ളത്. ഇത് പ്രകൃതിപരമായ നീതി നടപ്പാക്കലാണ്. ഈ ഉപദേശം പൊതുസമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കാനല്ലെന്നും ഇസ്‌ലാം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനോ അധ്യാപനം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നതിനോ എതിരല്ലെന്നും എന്നാൽ ഇവയൊന്നും ധാർമ്മിക അതിരുകൾ ലംഘിക്കുന്നതിലേക്കോ കുടുംബബന്ധങ്ങൾ തകരുന്നതിലേക്കോ നയിക്കരുതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് താഹാ സഖാഫി, ബി.എസ്. അബ്ദുള്ള കുഞ്ഞി ഫൈസി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
Controversy Has Political Motives: Kerala Muslim Jamaat Backs Kanthapuram AP Aboubacker Musliyar












