‘ഉപനേതാവ്’ കിട്ടിയേ പറ്റു, അഭിപ്രായം പറയേണ്ടത് പാർട്ടി സെക്രട്ടറിമാർ, പിണറായിയെ കൊട്ടി ബിനോയ് വിശ്വം; പരസ്യ പോരിൽ അമർഷം പരസ്യമാക്കി ജോസ് കെ മാണി

നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫ് കക്ഷികൾ തമ്മിൽ അടിമ-ഉടമ ബന്ധമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സി.പി.ഐയുടെ കരുത്ത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. സി.പി.എമ്മിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന സെക്രട്ടറിയോ ജനറൽ സെക്രട്ടറിയോ ആണെന്ന് ചൂണ്ടിക്കാണിച്ച ബിനോയ് വിശ്വം, സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്നും പാർട്ടിയുടെ വ്യക്തിത്വം അടിയറ വെക്കില്ലെന്നും വ്യക്തമാക്കി. പിണറായി വിജയനല്ല ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കേണ്ടത് എന്ന കാര്യം കൂടിയാണ് ബിനോയ് വിശ്വം പറഞ്ഞുവച്ചത്.

അതേസമയം, കനത്ത തിരിച്ചടി നേരിട്ട് മാസങ്ങൾ പിന്നിട്ടിട്ടും സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പരസ്യ പോരും പടലപ്പിണക്കവും തുടരുന്നതിൽ എൽ.ഡി.എഫ് ഘടകകക്ഷികൾക്കിടയിൽ അമർഷം പുകയുകയാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ഗൗരവമുള്ള ചർച്ചകളോ വിശകലനങ്ങളോ മുന്നണിയിൽ നടക്കുന്നില്ല. സർക്കാരിനെതിരെയോ മറ്റോ ഉള്ള സമരങ്ങളോ പ്രക്ഷോഭങ്ങളോ സംഘടിപ്പിക്കാൻ ആലോചനകൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ കടുത്ത അതൃപ്തിയിലാണ് മറ്റു മുന്നണി പങ്കാളികൾ.

പൊതുവേദികളിൽ പരസ്യമായി ചർച്ച ചെയ്യാതെ തർക്കങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി ആവശ്യപ്പെട്ടു. വിഷയം പരിഹരിക്കാൻ സി.പി.എമ്മും സി.പി.ഐയും മുൻകൈ എടുക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ മറ്റ് ഘടകകക്ഷികളും പ്രതിഷേധം പരസ്യമാക്കാൻ ഒരുങ്ങുകയാണ്. ഇത് ഇടതുമുന്നണിക്കുള്ളിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

CPI Firm on Deputy Opposition Leader Demand; Tensions Rise Within LDF Over CPM-CPI Rift

More Stories from this section

family-dental
witywide