
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. നിലവിൽ അസുഖബാധിതനായി ബ്രൂണെയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സൗകര്യമൊരുക്കുന്നത്. ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോ എന്ന കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുടുംബം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പകരം സർക്കാരിന്റെ സംരക്ഷണയിലുള്ള പുനരധിവാസ ക്രമീകരണങ്ങൾ ആലോചിക്കാനാണ് തീരുമാനം. ബ്രൂണെയിലുള്ളത് ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോൻ തന്നെയാണെന്നും പൊലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അവശനിലയിലായ ഇദ്ദേഹത്തെ ഏറ്റെടുക്കാൻ കുടുംബം തയ്യാറല്ലെന്നും സർക്കാർ സംരക്ഷണം നല്‍കണമെന്നുമായിരുന്നു ഹൈക്കമ്മീഷന്‍റെ ആവശ്യം. ഇത് സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് ദാമോദര മേനോൻ സുകുമാര കുറുപ്പാണെന്ന വ്യാജ പ്രചാരണം ഉണ്ടായത്.
അതേസമയം ദാമോദര മേനോനെ സുകുമാരക്കുറുപ്പായി ചിത്രീകരിച്ച വ്യാജപ്രചരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിവ് കിട്ടിയെന്ന മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബറിന്‍റെ വാദം തെറ്റാണെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. അന്വേഷണത്തിന് അലി അക്ബറിനെ ചുമതലപ്പെടുത്തിയതിന്‍റെ രേഖകളൊന്നും കണ്ടെത്താന്‍ നിലവിൽ കേസന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടുമില്ല. വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢോലചനയുണ്ടോയെന്ന് കണ്ടെത്താൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും.
സുകുമാര കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. ബ്രൂണെയിൽ കണ്ടെത്തിയത് സുകുമാര കുറപ്പല്ലെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യാന്തര ഏജൻസിയായ ഇന്‍റർപോളിന് കത്തയക്കാനുളള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചിട്ടുണ്ട്.
Government to Repatriate Damodara Menon After Sukumara Kurup Rumors Cleared; NORKA to Assess Rehabilitation














