‘തൃണമൂൽ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കും’, അമിത് ഷായുടെ പ്രസ്താവന വിവാദത്തിൽ; നിയമനടപടി സ്വീകരിക്കുമെന്ന് മമത ബാനർജി

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ഷായുടെ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയില്ലെന്ന് അവർ കുറ്റപ്പെടുത്തി. രണ്ടാംഘട്ട പ്രചാരണം അവസാന ഘട്ടത്തിലെത്തിനിൽക്കെ ബിജെപിയും തൃണമൂലും തമ്മിലുള്ള വാക്പോര് ഇതോടെ കൂടുതൽ കടുത്തിരിക്കുകയാണ്.

ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും ഇന്ന് സംസ്ഥാനത്ത് വിവിധ റാലികളിൽ പങ്കെടുത്തു. അതേസമയം, തൃണമൂൽ കോൺഗ്രസിന് പിന്തുണയുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ആർജെഡി നേതാവ് തേജസ്വി യാദവും കൊൽക്കത്തയിലെത്തി. അതിനിടെ, ഹൂഗ്ലിയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തതിന് പിടിയിലായവരിൽ ഒരാൾ അസം ബിജെപി ഉപാധ്യക്ഷനാണെന്ന ആരോപണവുമായി തൃണമൂൽ രംഗത്തെത്തി. ഇതിന്റെ ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടു.

അഴിമതിയുടെ കാര്യത്തിൽ ബിജെപിയും തൃണമൂലും ഒരുപോലെയാണെന്ന് കൊൽക്കത്തയിലെ റാലിയിൽ രാഹുൽ ഗാന്ധി വിമർശിച്ചു. എന്നാൽ രാഹുൽ ഗാന്ധി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മാത്രമാണ് പ്രചാരണം നടത്തുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം മറ്റന്നാൾ സമാപിക്കും. ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെല്ലാം ബംഗാളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.

Controversy over Amit Shah’s remarks; Mamata Banerjee threatens legal action

More Stories from this section

family-dental
witywide