തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ പ്രോട്ടോക്കോൾ മാറ്റത്തെച്ചൊല്ലി വാക്പോര് മുറുകുന്നു. സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ചടങ്ങിൽ മൂന്നാമതായി ആലപിച്ചതിനെതിരെ ഡിഎംകെയും സിപിഐയും രംഗത്തെത്തി. തമിഴ് സംസ്കാരത്തെ അവഗണിച്ച വിജയ്, ബിജെപിയെ പ്രീതിപ്പെടുത്താനാണ് വന്ദേമാതരത്തിന് പ്രാധാന്യം നൽകിയതെന്ന് ഡിഎംകെ എംപി പി. വിൽസൺ ആരോപിച്ചു. സംസ്ഥാനത്തിന്റെ പാരമ്പര്യം ഇതല്ലെന്നും നിയമസഭയിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നും സിപിഐയും ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞാ ചടങ്ങിലെ ഗാനാലാപന ക്രമത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ടിവികെ-ഡിഎംകെ സൈബർ പോരും രൂക്ഷമാണ്. ബംഗാളിലെ ബിജെപി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്ന് ഡിഎംകെ അനുകൂലികൾ വാദിക്കുന്നു. എന്നാൽ, 2021-ൽ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെ ഗവർണർ രാജേന്ദ്ര ആർലേക്കർ ചുമതലയേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് ചൂണ്ടിക്കാട്ടിയാണ് ടിവികെ പ്രവർത്തകർ ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. സ്റ്റാലിന്റെ പഴയ വീഡിയോകൾ പങ്കുവെച്ചുകൊണ്ടാണ് സൈബർ ഇടങ്ങളിൽ ടിവികെ മറുപടി നൽകുന്നത്.
പ്രോട്ടോക്കോൾ മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ സിപിഐയും രംഗത്തെത്തിയത് സർക്കാരിന് മുന്നിൽ പുതിയ വെല്ലുവിളിയായിട്ടുണ്ട്. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നത് സംസ്ഥാനത്തെ ദീർഘകാലമായുള്ള കീഴ്വഴക്കമാണെന്നും അതിൽ മാറ്റം വരുത്തിയത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്. എന്നാൽ, അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പുതിയ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നാണ് ടിവികെ നേതൃത്വത്തിന്റെ പ്രതികരണം.
Controversy Over Swearing-in Protocol; DMK and CPI Slam Vijay Over Anthem Sequence













