നേതാക്കളുടെ സംസാരത്തിൽ തിരുത്തൽ വരുത്തും; പ്രാദേശിക പ്രശ്നങ്ങളിൽ പാർട്ടി നേരിട്ട് ഇടപെടുമെന്ന് എം.വി. ഗോവിന്ദൻ

കോഴിക്കോട്: സംസ്ഥാനത്ത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും വർഗീയത, അരാഷ്ട്രീയത തുടങ്ങിയ വലതുപക്ഷ ആശയങ്ങൾക്ക് സ്വാധീനമുറപ്പിക്കാനും വലതുപക്ഷ ശക്തികളും വർഗീയവാദികളും ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ സാഹചര്യത്തെ മറികടന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലിംലീഗ് ന്യൂനപക്ഷങ്ങളെ പരിഗണിക്കാതെ സമ്പന്നരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ബി.ജെ.പി നയങ്ങളോട് മൃദുസമീപനമാണ് പുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളുടെ കുന്തമുന നേതൃത്വത്തിന് നേരെയാണെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് നിലവിലെ ചർച്ചകൾ നടക്കുന്നത്. ഭാവിയിലെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള പ്രായോഗിക പ്രവർത്തനങ്ങളാണ് ഈ തിരുത്തൽ പ്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. പാർട്ടിയിലെ പ്രാദേശിക തലത്തിൽ ഉയരുന്ന പരാതികളിൽ സംസ്ഥാന കമ്മിറ്റി നേരിട്ട് താഴെത്തട്ടിലേക്കിറങ്ങി പ്രശ്‌നപരിഹാരം നടത്തും. ഒപ്പം നേതാക്കളുടെ പെരുമാറ്റം, പൊതുവായ പ്രവർത്തനരീതി, സംസാരം എന്നിവയിലും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

സ്ത്രീ-പുരുഷ സമത്വവുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഫ്രഞ്ച് വിപ്ലവം മുതൽ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം നിന്നിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും സ്ത്രീ സമത്വം വേണ്ട എന്ന് പറയുന്നവരോട് വിധേയപ്പെടാനാകില്ലെന്നും അദ്ദേഹം മറുപടി നൽകി. ലീഗും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള സംഘടനകൾ സ്ത്രീകളെയും കുട്ടികളെയും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ആ മേഖലകളിലേക്ക് അവർ വരാൻ പാടില്ലെന്ന് വാദിക്കുകയാണ്. ഇത്തരം വിലക്കുകൾ ഏർപ്പെടുത്താൻ ഒരു മതസംവിധാനത്തിനും അവകാശമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

CPM Will Correct Leaders’ Speech and Behavior, Intervene in Local Issues Directly: M.V. Govindan

Also Read

More Stories from this section

family-dental
witywide