കേരളത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി, സതീശൻ സർക്കാരിന്റെ ബലഹീനതയിൽ തിരിച്ചുവരാം എന്ന് കരുതരുത്; തെറ്റ് തിരുത്തലിന് ആഹ്വാനം ചെയ്ത് ജനറൽ സെക്രട്ടറി

കോഴിക്കോട്: കേരളം കൈവരിച്ച മഹത്തായ നേട്ടങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക ഇടപെടലുകളാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് നടക്കുന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിലവിൽ ചില തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് തങ്ങൾക്കുള്ളതെന്നും, സമ്പൂർണ്ണ സാക്ഷരത, സമ്പൂർണ്ണ വൈദ്യുതീകരണം, ജനകീയാസൂത്രണം, കഴിഞ്ഞ പത്ത് വർഷത്തെ വികസനങ്ങൾ എന്നിവയെല്ലാം ഇടത് ഇടപെടലിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറേ ശരികൾക്കിടയിലാണ് പാർട്ടിക്കും ചില തെറ്റുകൾ സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ തെറ്റ് തിരുത്താൻ തയ്യാറാകുമ്പോൾ പരിഹസിക്കുന്ന സമീപനമാണ് പലരും സ്വീകരിക്കുന്നത്. സാമൂഹിക പരിഷ്കരണങ്ങളിൽ നിർണായക പങ്കുവഹിച്ച പാർട്ടിയാണ് സി.പി.എം. സമ്പൂർണ്ണ സാക്ഷരതയുടെ ഭാഗമായി ചേലക്കാടൻ ആയിഷയെപ്പോലുള്ളവർ പൊതുരംഗത്തേക്ക് വന്നത് ഇടത് ഭരണത്തിന്റെ ഫലമായാണ്. എങ്കിലും 2026-ൽ വലതുപക്ഷ ധ്രുവീകരണമാണ് സംസ്ഥാനത്തുണ്ടായതെന്ന് അദ്ദേഹം നിരീക്ഷിച്ചു.

വി.ഡി. സതീശൻ സർക്കാർ സ്ത്രീ സുരക്ഷാ പദ്ധതി പിൻവലിച്ച കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, യു.ഡി.എഫ് സർക്കാരിന്റെ അബദ്ധങ്ങളിൽ നിന്ന് സ്വയം വളരാമെന്ന് ഇടതുപക്ഷം കരുതരുതെന്നും മുന്നറിയിപ്പ് നൽകി. തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയപ്പോഴെല്ലാം ശക്തമായി തിരിച്ചുവന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. മനുഷ്യസഹജമായ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും. പ്രസ്ഥാനം നിലനിൽക്കണമെന്ന് ആഗ്രഹിച്ച് ഉന്നയിക്കുന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യുമെന്നും വ്യാജ പ്രതീതികളിൽ വിശ്വസിച്ച് വിമർശിക്കുന്നവരെ ശരി ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാർട്ടിയെ കരിവാരിത്തേക്കാൻ ശ്രമിക്കുന്ന മറ്റൊരു വിഭാഗമുണ്ടെന്നും, സി.പി.ഐ.എമ്മിന് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന തരത്തിൽ വ്യാജ പ്രതീതി സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി ഘടകങ്ങളിൽ വിമർശനവും സ്വയംവിമർശനവും സ്വതന്ത്രമായും നിർഭയമായും സത്യസന്ധമായും നടക്കണം. എന്നാൽ ഇത്തരം ആഭ്യന്തര വിമർശനങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകരുതെന്നും എം.എ. ബേബി പാർട്ടി അണികളോട് നിർദേശിച്ചു.

Communist Party Behind Kerala’s Achievements; M.A. Baby Says CPM Will Correct Mistakes and Move Forward

More Stories from this section

family-dental
witywide