
അന്യായമായ സ്ഥലംമാറ്റങ്ങളെ തുടർന്ന് ജീവനക്കാർ ജീവനൊടുക്കേണ്ടി വരുന്നത് ഭരണരംഗത്തെ അഹന്തയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് എഫ്.എസ്.ഇ.ടി.ഒ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടന്നിരുന്ന സ്ഥലംമാറ്റങ്ങൾ ഇപ്പോൾ അതൊക്കെ ഒഴിവാക്കിയാണ് നടപ്പിലാക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ ദീപയും കാസർകോട്ടെ ആശാലതയും ഈ തലതിരിഞ്ഞ നയത്തിന്റെ ഇരകളാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ ഭരണാനുകൂല സംഘടന നൽകിയ പട്ടിക അനുസരിച്ചാണ് സ്ഥലംമാറ്റങ്ങൾ നടക്കുന്നതെന്നും ഇതിനുപിന്നിൽ വലിയ അഴിമതികൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരെ തോന്നിയപോലെ പന്താടുന്ന സമീപനമാണ് സർക്കാരിന്റേത്. സിവിൽ സർവീസ് മേഖലയെ അനാവശ്യമായി അസംതൃപ്തിയിലേക്ക് തള്ളിവിടാൻ മന്ത്രിമാരും മുഖ്യമന്ത്രിയും കാണിക്കുന്ന പ്രത്യേക മനോഭാവമാണ് പ്രധാന കാരണം.
സ്ഥലംമാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി, സിവിൽ സർവീസിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നതിന് പകരം ജീവനക്കാരെ കഷ്ടതയിലാക്കുകയാണെന്ന് പിണറായി വിജയൻ വിമർശിച്ചു. ദീപയുടെയും ആശാലതയുടെയും കാര്യത്തിൽ അർഹമായ നടപടികൾ വേണമെന്നും ഭരണാനുകൂല സംഘടനയ്ക്ക് എന്തും ചെയ്യാമെന്ന അവസ്ഥ ഇല്ലാതാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Unfair Transfers Affecting Civil Service: Opposition Leader Pinarayi Vijayan Slams Govt












