തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേൽക്കുമോ അതോ അട്ടിമറി നീക്കങ്ങളിലൂടെ എടപ്പാടി പളനിസാമി (ഇപിഎസ്) ഭരണത്തിലേറുമോ എന്ന ചോദ്യത്തിന് ഇന്നറിയാം. കേവല ഭൂരിപക്ഷമായ 118 തികയ്ക്കാൻ അഞ്ച് എംഎൽഎമാരുടെ കൂടി പിന്തുണ വേണമെന്ന ഗവർണറുടെ കർശന നിലപാട് വിജയ്‌ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതിനിടെ വിജയ്‌യെ തടയാൻ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങളും സജീവമാണ്. സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ ആർക്കും സാധിച്ചില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഭൂരിപക്ഷം തെളിയിക്കാനായി ഇടതുപാർട്ടികൾ, മുസ്ലീം ലീഗ്, വിസികെ എന്നിവരുടെ പിന്തുണ തേടി ടിവികെ സംഘം ചർച്ചകൾ തുടരുകയാണ്. ഇവർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത വിജയ്, എൻഡിഎ സഖ്യവുമായി സഹകരിക്കില്ലെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ഇന്ന് ചേരുന്ന നേതൃയോഗങ്ങളിൽ ഈ പാർട്ടികൾ എടുക്കുന്ന നിലപാട് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും. ഇന്നലെ ഗവർണറെ കണ്ട വിജയ്‌ക്ക് സർക്കാർ രൂപീകരണത്തിനുള്ള ക്ഷണം ലഭിക്കാതെ മടങ്ങേണ്ടി വന്നത് ടിവികെ ക്യാമ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്.
അതേസമയം, ഡിഎംകെയ്ക്കുള്ളിൽ സഖ്യത്തെച്ചൊല്ലി ഭിന്നത രൂക്ഷമാണ്. വിജയ്‌യെ തടയാൻ എഐഎഡിഎംകെയെ പിന്തുണയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, ജനവിധി വിജയ്‌ക്ക് അനുകൂലമാണെന്ന നിലപാടിലാണ് എം.കെ. സ്റ്റാലിൻ. വിജയ് അധികാരത്തിൽ വരുന്നത് തടഞ്ഞാൽ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് സ്റ്റാലിൻ ഭയക്കുന്നുണ്ട്. എന്നാൽ ബിജെപിയെ അകറ്റി നിർത്താൻ സഖ്യകക്ഷികൾ വിജയ്‌യെ പിന്തുണയ്ക്കുന്നതിൽ തനിക്ക് വിരോധമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. പുതുച്ചേരിയിലെ റിസോർട്ടിൽ എംഎൽഎമാരെ താമസിപ്പിച്ച് ഇപിഎസും കരുനീക്കങ്ങൾ സജീവമാക്കിയതോടെ തമിഴ്നാട് ഉറ്റുനോക്കുന്നത് ഇന്നത്തെ നിർണ്ണായക തീരുമാനങ്ങളിലേക്കാണ്.
Crucial Day for Tamil Nadu: Will Vijay Become CM or Will EPS Seize Power?














