ന്യൂഡൽഹി: യുഡിഎഫിൻ്റെ മുഖ്യമന്ത്രിപദത്തിലേക്കുള്ള ചർച്ച ചൂടുപിടിക്കവേ എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയാണ്. ചർച്ചയിൽ രാഹുൽ ചർച്ചയിൽ പങ്കെടുത്തേക്കും. ചർച്ചയിൽ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കെ.സി. വേണുഗോപാലിനെതിരെ മല്ലികാർജുൻ ഖാർഗെയുടെ വസതിക്കുമുമ്പിൽ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. ‘ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ സി വേണു ഗോപാൽ ജനവിധി മാനിക്കണം’. ചോറ് കഴിക്കുന്ന ഒരു മലയാളി. നയിച്ചവൻ നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകങ്ങൾ. കെ.സി. വേണുഗോപാലിന്റെ ചിത്രം സഹിതമാണ് ഫ്ലക്‌സ്.
ഇരിക്കൂറിൽ പെരിങ്ങാല ചുണ്ണാമുക്ക് മേഖലയിലും കെ.സി. വേണുഗോപാലിനെ വിമർശിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. ‘ഈ പരിപ്പ് ഇരിക്കൂറിൽ വേവില്ല. ഇരിക്കൂർ കട്ടിൽ കണ്ടു പനിക്കണ്ട’ എന്നാണ് ഫ്ലക്സ്. പരസ്യ പ്രതിഷേധങ്ങൾക്കെതിരേ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലുള്ളപ്പോൾ പ്രതിഷേധം നടന്നത് പരിശോധിക്കുമെന്നും ഫ്ലക്സ് യുദ്ധങ്ങളും പ്രതിഷേധങ്ങളും വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Crucial discussion led by Kharge in Delhi, flux against KC Venugopal in Delhi too














