
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസവിധി. കേസ് പരിഗണിച്ച സുൽത്താൻപുരിലെ എം.പി-എം.എ.എൽ.എ കോടതി രാഹുൽ ഗാന്ധിയെ കേസിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തനാക്കി. അമിത് ഷാക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ ‘കൊലയാളി’ പരാമർശം മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവമുള്ളതല്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. സത്യമേവ ജയതേ എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.
അമിത് ഷാക്കെതിരെ മുൻപുണ്ടായിരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തതെന്നും, ഇത് വ്യക്തിപരമായ അപകീർത്തിപ്പെടുത്തലല്ലെന്നുമുള്ള കോൺഗ്രസ് അഭിഭാഷകന്റെ വാദം കോടതി പൂർണ്ണമായി അംഗീകരിച്ചു. സുൽത്താൻപുർ കോടതി നേരിട്ട് വിധി പ്രസ്താവിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും സ്ഥലത്ത് എത്തിയിരുന്നു. ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗ്ഗം കോടതിയിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് വഴിയോരങ്ങളിൽ സ്വീകരിച്ചത്.
കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൂർവാഞ്ചൽ എക്സ്പ്രസ്വേയിൽ വെച്ച് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടിരുന്നു. അഞ്ച് വാഹനങ്ങൾ ഒന്നടങ്കം കൂട്ടിയിടിച്ച അപ്രതീക്ഷിത അപകടത്തിൽ രാഹുൽ ഗാന്ധി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്ന ചില പാർട്ടി പ്രവർത്തകർക്ക് നിസ്സാര പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
Defamation Case Against Amit Shah: Sultanpur Court Acquits Rahul Gandhi















