ഖർഗെക്കെതിരായ ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ കേസില്ല, പക്ഷേ രാഹുലിനെതിരെ കേസെടുത്തു; അസാധാരണ നീക്കവുമായി ഉത്തരാഖണ്ഡ് പൊലീസ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ജാതീയ അധിക്ഷേപം നടന്ന ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതിനിടെ അസാധാരണ നീക്കവുമായി ഉത്തരാഖണ്ഡ് പൊലീസ് . ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. മതപരമായ ചടങ്ങിനെ ജാതീയമായി വ്യാഖ്യാനിച്ചുവെന്ന് ആരോപിച്ച് ദളിത് വാൽമീകി സമുദായത്തിൽപെട്ട അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 196-ാം വകുപ്പും പട്ടികജാതി-പട്ടികവർഗ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഖർഗെക്കെതിരെ ശുദ്ധീകരണം നടത്തിയ തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകർക്കെതിരെ നടപടി വേണമെന്നും ആർ.എസ്.എസും ബി.ജെ.പിയുമാണ് ഇതിന് പിന്നിലെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തനിക്കെതിരെയുള്ള ഓരോ കേസുകളും മെഡലുകളായാണ് കണക്കാക്കുന്നതെന്നും രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. കേസെടുക്കുന്നത് തുടർന്നു കൊള്ളാനും അദ്ദേഹം പരിഹസിച്ചു. എന്നാൽ ശുദ്ധീകരണം നടന്ന് 22 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാത്ത പൊലീസ്, രാഹുൽ ഗാന്ധിക്കെതിരെ തിടുക്കത്തിൽ കേസെടുത്തത് പ്രതികാര ബുദ്ധിയോടെയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ ഉത്തരാഖണ്ഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് വലിയ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. പലയിടത്തും പൊലീസും നേതാക്കളും തമ്മിൽ കടുത്ത വാക്കേറ്റവുമുണ്ടായി. നാളെ രാവിലെ 11 മണിക്കകം ശുദ്ധീകരണം നടത്തിയവർക്കെതിരെ കേസെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്.

Purification Controversy: Uttarakhand Police Files Case Against Rahul Gandhi; Congress Launches Protests

More Stories from this section

family-dental
witywide