നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമമരുന്ന് നൽകരുത്; കുപ്പികളിൽ ചുവപ്പ് മുന്നറിയിപ്പ് നൽകാൻ നിർദേശം

ന്യൂഡൽഹി: നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമമരുന്ന് നൽകുന്നത് ഒഴിവാക്കണമെന്ന നിർദേശങ്ങൾ നിലവിലുണ്ടെങ്കിലും മരുന്നുകളുടെ ഉപയോഗവും കുറിപ്പടിയും തുടരുന്നതായി റിപ്പോർട്ട്. ഇതോടെ നാല് വയസ്സിന് താഴെയുള്ള കുട്ടികളിൽ ചുമമരുന്നിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി മരുന്നുകളുടെ ലേബലിൽ മാറ്റം വരുത്താനുള്ള നിർദേശം ഇന്ത്യയുടെ മരുന്ന് നിയന്ത്രണ അതോറിറ്റി പരിഗണിക്കുന്നു. ചുമമരുന്ന് കുപ്പികളിൽ സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ ചിത്രം ഉൾപ്പെടുത്തുന്നതാണ് നിർദേശങ്ങളിലൊന്ന്. മരുന്ന് ശിശുക്കൾക്കും കൊച്ചുകുട്ടികൾക്കുമല്ല, മുതിർന്ന കുട്ടികൾക്കുള്ളതാണെന്ന് വ്യക്തമാക്കുകയാണ് ലക്ഷ്യം.

2025 ഒക്ടോബറിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) കുട്ടികൾക്ക് ചുമ, ജലദോഷ മരുന്നുകൾ നൽകുന്നതിൽ ജാഗ്രത വേണമെന്ന് നിർദേശം നൽകിയിരുന്നു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ കുറിച്ചുനൽകുകയോ നൽകുകയോ ചെയ്യരുതെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ശിശുക്കൾക്ക് ചുമമരുന്ന് നൽകുന്നതായി പരാതികൾ ലഭിച്ചിരുന്നു. നിർദേശിച്ച മാറ്റങ്ങൾ പ്രകാരം ചുമമരുന്ന് കുപ്പിയുടെ ലേബലിൽ വ്യക്തമായി ചുവപ്പ് നിറത്തിലുള്ള മുന്നറിയിപ്പ് നൽകും. “നാല് വയസ്സിന് താഴെയുള്ള കുട്ടികളിൽ ചുമമരുന്ന് ഉപയോഗിക്കരുത്” എന്നായിരിക്കും മുന്നറിയിപ്പ്.

ഇതിന് പുറമെ സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ ചിത്രം ലേബലിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. മരുന്ന് മുതിർന്ന കുട്ടികൾക്കുള്ളതാണെന്ന് കൂടുതൽ വ്യക്തമാക്കാനും നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താനുമാണ് ഇത്. 1945ലെ ഡ്രഗ്സ് റൂൾസിലെ റൂൾ 96ൽ മാറ്റം വരുത്തുന്നതിനുള്ള നിർദേശം ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (DCC) പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. DGHS നിർദേശം നൽകിയ ശേഷവും രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമമരുന്ന് കുറിച്ചുനൽകുന്ന രീതി തുടരുന്നതായി വിഷയവുമായി ബന്ധപ്പെട്ട ഒരാൾ പറഞ്ഞു.2026 ഏപ്രിലിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) ആഭ്യന്തര സാങ്കേതിക സമിതി വിഷയം പരിഗണിച്ചിരുന്നു.

കുട്ടികളിലെ ചുമമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഏതെങ്കിലും പഠനമോ നിർദേശമോ നടത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് സമിതി ശുപാർശ ചെയ്തു. മരുന്നുകളുടെ ലേബലിൽ മാറ്റം വരുത്തുന്നതിന്റെ നിയന്ത്രണപരവും വിപണനപരവുമായ സാധ്യതകൾ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്താനും നിർദേശിച്ചു. എന്നാൽ ചുമമരുന്നിന്റെ ലേബലുമായി ബന്ധപ്പെട്ട് തങ്ങൾ യാതൊരു പ്രവർത്തനവും നടത്തുന്നില്ലെന്ന് ICMR അറിയിച്ചു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുറിച്ചുനൽകുകയും ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങുകയും ചെയ്യുന്ന മരുന്നുകളിൽ ഒന്നാണ് ചുമമരുന്നുകൾ. വളരെ ചെറിയ കുട്ടികളിൽ ഇവയുടെ ഉപയോഗം ഏറെക്കാലമായി ആരോഗ്യവിദഗ്ധരുടെ ആശങ്കയ്ക്ക് കാരണമാണെന്നും വിഷയവുമായി ബന്ധപ്പെട്ട മറ്റൊരാൾ പറഞ്ഞു.

ഇതിനിടെ, ചുമമരുന്നുകൾ ഉൾപ്പെടെയുള്ള സിറപ്പ് രൂപത്തിലുള്ള മരുന്നുകളെ ഓവർ-ദി-കൗണ്ടർ വിഭാഗത്തിൽനിന്ന് ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ജൂണിൽ ഡ്രഗ്സ് റൂൾസിൽ മാറ്റം വരുത്തിയിരുന്നു. ഇതോടെ ഇത്തരം മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി ആവശ്യമായി വരും. 2026ലെ ഡ്രഗ്സ് (ഫിഫ്ത് അമെൻഡ്മെന്റ്) റൂൾസിലൂടെയാണ് മാറ്റം കൊണ്ടുവന്നത്. ജൂൺ 9ന് ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്ത ഭേദഗതി പിന്നീട് 1945ലെ ഡ്രഗ്സ് റൂൾസിൽ ഉൾപ്പെടുത്തി.ഭേദഗതിയുടെ ഭാഗമായി ഷെഡ്യൂൾ കെ-യിൽനിന്ന് ‘സിറപ്പുകൾ’ എന്ന വിഭാഗം നീക്കം ചെയ്തു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, 1940 പ്രകാരമുള്ള ചില നിബന്ധനകളിൽനിന്ന് ഒഴിവാക്കിയിരുന്ന മരുന്നുകളുടെ വിഭാഗങ്ങളാണ് ഷെഡ്യൂൾ കെ വ്യക്തമാക്കുന്നത്.

സിറപ്പ് രൂപത്തിലുള്ള മരുന്നുകൾക്ക് ഈ ഇളവ് ഇല്ലാതായതോടെ അവ ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക് കീഴിലാകും. ഇതോടെ നേരത്തെ ഡോക്ടറുടെ കുറിപ്പില്ലാതെ ലഭിച്ചിരുന്ന ചുമമരുന്നുകളോ മറ്റ് സിറപ്പ് രൂപത്തിലുള്ള മരുന്നുകളോ വാങ്ങാൻ ഉപഭോക്താക്കൾ സാധുവായ ഡോക്ടർ കുറിപ്പടി നൽകേണ്ടിവരും. 2025 ഡിസംബർ 29ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന് പിന്നാലെയാണ് അന്തിമ ഭേദഗതി കൊണ്ടുവന്നത്. കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങളിൽനിന്നും ബന്ധപ്പെട്ട വിഭാഗങ്ങളിൽനിന്നും നിർദേശങ്ങളും എതിർപ്പുകളും ക്ഷണിച്ചിരുന്നു. ലഭിച്ച എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ മരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട പരമോന്നത സാങ്കേതിക സമിതിയായ ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മാറ്റം കൊണ്ടുവന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ മരുന്നുകളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവ നിയന്ത്രിക്കുന്ന 1945ലെ ഡ്രഗ്സ് റൂൾസിലാണ് ഏറ്റവും പുതിയ ഭേദഗതി. സിറപ്പ് രൂപത്തിലുള്ള മരുന്നുകൾക്ക് കൂടുതൽ കർശനമായ നിയന്ത്രണം ഉറപ്പാക്കുകയാണ് പുതിയ മാറ്റത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

India’s health authorities have restricted specific cough and cold medicine combinations for children under four and are advancing proposals for mandatory red warning labels on all syrup bottles.