തമിഴ്നാട്ടിൽ വിജയ്‍യുടെ പാർട്ടിയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനം തങ്ങളെ മുറിവേൽപ്പിച്ചുവെന്ന് ഡിഎംകെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സഖ്യം ഇല്ലായിരുന്നുവെങ്കിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലായിരുന്നുവെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. എം.കെ. സ്റ്റാലിൻ നൽകിയ പിന്തുണ കൊണ്ടാണ് കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്ന നിലപാടിലാണ് ഡിഎംകെ.
കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിജയ്‍ന് പിന്തുണ പ്രഖ്യാപിച്ചതോടെ ആദ്യഘട്ടത്തിൽ എതിർക്കേണ്ടതില്ലെന്നാണ് ഡിഎംകെ തീരുമാനം. വരാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ഡിഎംകെ വിട്ടുനിന്നേക്കുമെന്നും സൂചനകളുണ്ട്. അതേസമയം, വിജയ്‍നെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എഐഎഡിഎംകെയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. ടിവികെയെ പിന്തുണയ്ക്കാനുള്ള നീക്കം പാർട്ടിയിൽ പിളർപ്പുണ്ടാക്കുമോ എന്ന ആശങ്കയിലാണ് അണ്ണാ ഡിഎംകെ നേതൃത്വം.
ഭരണത്തിലേറാൻ 118 പേരുടെ പിന്തുണ വേണ്ട വിജയ്‍ക്ക് കോൺഗ്രസിന്റെ അഞ്ച് സീറ്റുകൾ കൂടി ചേർത്താൽ നിലവിൽ 113 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇനിയും അഞ്ച് പേരുടെ കൂടി പിന്തുണയുണ്ടെങ്കിൽ മാത്രമേ കേവല ഭൂരിപക്ഷം തെളിയിക്കാനാകൂ. ഇതിനായി സിപിഎം, സിപിഐ പാർട്ടികൾക്ക് വിജയ് കത്തയച്ചിട്ടുണ്ട്. ഭൂരിപക്ഷം കൃത്യമായി തെളിയിക്കാതെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകില്ലെന്ന കർശന നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.
DMK Hurt by Congress Support for TVK; Vijay Set to Form Government















