എസ്എഫ്ഐ സ്കൂൾ കുട്ടികളുടെ പൂക്കി ബാനറിൽ വിവാദം; പരാതി നൽകി കെഎസ്‌യു; ‘മുഖ്യമന്ത്രിയുടെ സൽപ്പേരിന് കളങ്കം വരുത്തി’

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ. ഉയർത്തിയ വിവാദ ബാനറിനെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ കനക്കുന്നു. ചവറ ഗുഹാനന്ദപുരം സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നെഴുതിയ ബാനർ പിടിപ്പിച്ച സംഭവത്തിൽ കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് കെ.എസ്.യു. പരാതി നൽകി. സ്കൂൾ കുട്ടികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സൽപ്പേരിന് കളങ്കം വരുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കെ.എസ്.യു. കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ പരാതി സമർപ്പിച്ചത്. സംഭവം വൻ വിവാദമായതോടെ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇത് സംബന്ധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, വൻ വിമർശനം ഉയർന്നപ്പോഴും ബാനറിനെയും എസ്.എഫ്.ഐ. പ്രാദേശിക നേതാക്കളെയും ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം രംഗത്തെത്തി. ‘പൂക്കി’ എന്ന വാക്ക് ജെൻ-സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന ഒന്നാണെന്നും, ക്യൂട്ട്‌നെസ്സ് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ഈ വാക്ക് ഒട്ടും മോശമല്ലെന്നുമാണ് ചിന്താ ജെറോമിന്റെ പ്രതികരണം. സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നും, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന വിദ്യാർത്ഥികളുടെ ഈ നടപടിയെ തെറ്റായി കാണുന്നില്ലെന്നും അവർ വിശദീകരിച്ചു.

മറുഭാഗത്ത്, പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മറ്റ് ഇടത് നേതാക്കളെയും മുൻകാലങ്ങളിൽ അധിക്ഷേപിച്ച ചരിത്രം ഓർമ്മിപ്പിച്ച് സി.പി.എം. സൈബർ ഹാൻഡിലുകളും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി. സഞ്ജീവും കെ.എസ്.യു.ക്ക് മറുപടി നൽകി. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ ‘ശൈ ലജ്ജേ’ എന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ രാഷ്ട്രീയ ബോധവും പൊളിറ്റിക്കൽ കറക്ട്നസ്സും പറഞ്ഞ് രംഗത്തുവരുന്നതെന്ന് സഞ്ജീവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ 690 സ്കൂൾ പാർലമെന്റുകളിൽ 600-ഓളം ഇടങ്ങളിലും വിജയിച്ച എസ്.എഫ്.ഐ.യുടെ കൂറ്റൻ രാഷ്ട്രീയ വിജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കോൺഗ്രസും കെ.എസ്.യു.വും ശ്രമിക്കുന്നതെന്നും, ബാനറിൽ ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SFI School ‘Pookkie’ Banner Sparks Controversy; KSU Files Complaint with Kollam Police Chief

More Stories from this section

family-dental
witywide