
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് കർശന യാത്രാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗവ്യാപനം അതിരൂക്ഷമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന ഈ രോഗവ്യാപനത്തെ രാജ്യാന്തര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ അടിയന്തര ഇടപെടൽ. നിലവിൽ ഇന്ത്യയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതലിൻ്റെ ഭാഗമായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എബോള ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയും മാറ്റിവെച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ രാജ്യത്തെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽത്ത് ഡെസ്കുകളും തെർമൽ സ്ക്രീനിംഗ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. യാത്ര ഒഴിവാക്കാൻ നിർദേശിച്ച രാജ്യങ്ങളിൽ സന്ദർശനം നടത്തിയവരോ, ആ രാജ്യങ്ങൾ വഴി ട്രാൻസിറ്റ് യാത്ര ചെയ്തവരോ ആയ ആളുകൾ വിമാനത്താവളത്തിലെ ഹെൽത്ത് ഡെസ്കിൽ നിർബന്ധമായും വിവരങ്ങൾ കൈമാറണം. രോഗബാധിത രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തി 21 ദിവസത്തിനുള്ളിൽ പനി, കടുത്ത ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, അല്ലെങ്കിൽ ശരീരത്തിൽ എവിടെയെങ്കിലും രക്തസ്രാവം എന്നിവ പ്രകടമായാൽ ഉടൻ തന്നെ ആരോഗ്യ അധികൃതരെ വിവരം അറിയിക്കണം.
നിലവിൽ ഈ ആഫ്രിക്കൻ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പ്രാദേശിക ആരോഗ്യ വകുപ്പുകൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ മേയ് 21 വരെയുള്ള കണക്കുകൾ പ്രകാരം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ രോഗബാധ സംശയിക്കുന്ന 746 കേസുകളും 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഉഗാണ്ടയിലെ രണ്ട് കേസുകൾ ഉൾപ്പെടെ ആകെ 85 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോംഗോയുമായും ഉഗാണ്ടയുമായും അതിർത്തി പങ്കിടുന്നതിനാൽ ദക്ഷിണ സുഡാനിലും രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ.
Ebola outbreak: Do not travel to three African countries, Union Health Ministry issues strict directive













