ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹിയിൽ വൻ സംഘർഷം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അടക്കമുള്ള പ്രമുഖ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധിയെ ബലം പ്രയോഗിച്ച് വലിച്ചെഴിച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. കസ്റ്റഡിയിലെടുക്കുന്നതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയേയും പൊലീസ് നീക്കം ചെയ്തു. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലെ സമരമുഖത്തുണ്ട്.
മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിനു ശേഷം മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് പുറപ്പെട്ട എം.പിമാരെയും നേതാക്കളെയും പൊലീസ് വഴിമധ്യേ തടയുകയായിരുന്നു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടതോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറത്തിറങ്ങി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഭരണഘടന കയ്യിൽപിടിച്ചാണ് പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. ഡെറിക് ഒബ്രയാൻ ഉൾപ്പെടെയുള്ള മറ്റ് പ്രധാന എം.പിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിലേക്ക് ബസുകൾ നിരത്തിയിട്ട് ഡൽഹി പൊലീസ് നേരത്തെ തന്നെ വഴി തടഞ്ഞിരുന്നു. തുടർന്നാണ് പ്രവർത്തകരോട് കുത്തിയിരുന്ന് പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തത്.
ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും നഗരത്തിലെ പ്രധാന റോഡുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
Rahul Gandhi, Priyanka Gandhi, and VD Satheesan Taken into Custody Amid High-Voltage Delhi Protests











