ന്യൂഡൽഹി: രാജ്യസഭയിൽ 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18-ന് നടക്കും. പത്തു സംസ്ഥാനങ്ങളിൽനിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിലാണ് പൂർത്തിയാകുന്നത്. മല്ലികാർജുൻ ഖാർഗെ, എച്ച്.ഡി. ദേവഗൗഡ, ദിഗ്വിജയ് സിങ് തുടങ്ങിയവരാണ് വരുംദിവസങ്ങളിൽ കാലാവധി പൂർത്തിയാക്കുന്ന പ്രമുഖരാജ്യസഭാംഗങ്ങൾ. ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിൽ ഒഴിവുവരുന്ന 24 സീറ്റുകളിൽ പതിനാറും എൻഡിഎയുടേതാണ്. കക്ഷിനില ഇങ്ങനെ: ബിജെപി-12, എൻപിപി-1, ജെഡിഎസ്-1, എംഎൻഎഫ്-1, ടിഡിപി-1. ആന്ധ്രപ്രദേശ് (4), ഗുജറാത്ത് (4), കർണാടക (4), മധ്യപ്രദേശ് (3), രാജസ്ഥാൻ (3), ഝാർഖണ്ഡ് (2), മണിപ്പുർ (1), മേഘാലയ(1), അരുണാചൽ പ്രദേശ് (1), മിസോറം (1) എന്നിങ്ങനെയാണ് ഒഴിവുവരുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ടാണ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി ജൂൺ പതിനൊന്നും. ഫലം അന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 20-ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.
അതേസമയം, സുനേത്ര പവാർ രാജിവെച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിയിൽനിന്നും സി.വി. ഷൺമുഖം രാജിവെച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽനിന്നും ഒഴിവുവന്ന രണ്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ജൂൺ പതിനെട്ടിന് നടക്കും.
Elections to 24 Rajya Sabha seats on June 18; terms of Mallikarjun Kharge, H.D. Deve Gowda, etc. are ending














