ഒന്നുകിൽ മികച്ച കരാർ, അല്ലെങ്കിൽ ശക്തമായ യുദ്ധം; ഇറാൻ വിഷയത്തിൽ അന്തിമ നിലപാട് പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായി ഒരു സമാധാന കരാറിലെത്തുന്നതിനും സൈനിക ആക്രമണം പുനരാരംഭിക്കുന്നതിനും തുല്യ സാധ്യതയാണുള്ളതെന്ന് (50/50) അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ ആണ് ട്രംപിന്റെ ഈ നിർണായക നിലപാട് പുറത്തുവിട്ടത്. ആക്സിയോസ് റിപ്പോർട്ടർ ബരാക് റാവിഡുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മിഡിൽ ഈസ്റ്റിൽ വീണ്ടുമൊരു യുദ്ധസാധ്യത നിലനിൽക്കുന്നതായി ട്രംപ് സൂചന നൽകിയത്. ഇറാനുമായി ഒന്നെങ്കിൽ വളരെ നല്ലൊരു കരാർ ഉണ്ടാക്കും, അല്ലെങ്കിൽ അവരെ പൂർണ്ണമായി തകർത്തുതരിപ്പണമാക്കും എന്ന് ട്രംപ് ഫോണിലൂടെ വ്യക്തമാക്കുകയായിരുന്നു.

ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഇന്ന് വൈകിട്ട് തന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തിര കൂടിക്കാഴ്ച നടത്തും. പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവരടങ്ങുന്ന സംഘവുമായാണ് ട്രംപ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. രണ്ട് കാര്യങ്ങളിൽ ഒന്ന് മാത്രമായിരിക്കും ഇനി സംഭവിക്കുകയെന്ന് ട്രംപ് ആവർത്തിച്ചു. ചരിത്രത്തിൽ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം ഇറാൻ നേരിടേണ്ടി വരും, അല്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും ഗുണകരമായ ഒരു കരാറിൽ ഒപ്പുവെക്കും.

അമേരിക്കൻ ഭരണകൂടത്തിൽ ചിലർ കരാറിനെ അനുകൂലിക്കുമ്പോൾ മറ്റു ചിലർ യുദ്ധം പുനരാരംഭിക്കാനാണ് താൽപ്പര്യപ്പെടുന്നതെന്നും ട്രംപ് വെളിപ്പെടുത്തി. അതേസമയം, അമേരിക്ക ഇറാനുമായി അനുകൂലമല്ലാത്ത കരാറിലെത്തുമോ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആശങ്കപ്പെടുന്നതായുള്ള വാർത്തകൾ ട്രംപ് പൂർണ്ണമായി തള്ളി. ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ ഞായറാഴ്ചയോടെ ട്രംപ് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More Stories from this section

family-dental
witywide