
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയിന്റ് ജെർമെയ്ൻ (പി.എസ്.ജി.) വിജയിച്ചതിന് പിന്നാലെ ഫ്രാൻസിൽ വ്യാപക അക്രമം. ഫുട്ബോൾ ആരാധകരും പോലീസും തമ്മിൽ രാജ്യവ്യാപകമായി ഉണ്ടായ തെരുവുയുദ്ധത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കളിഭ്രാന്ത് അതിരുകടന്നതോടെ ഫ്രാൻസിലെ പ്രധാന നഗരങ്ങളിലെല്ലാം ജനജീവിതം പൂർണ്ണമായി സ്തംഭിക്കുന്ന അവസ്ഥയാണുണ്ടായത്.
അക്രമാസക്തരായ ആരാധകരെ നിയന്ത്രിക്കാൻ പോലീസ് രംഗത്തിറങ്ങിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. വിവിധയിടങ്ങളിലായുണ്ടായ സംഘർഷങ്ങളിൽ 219 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഇതിൽ 9 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 780 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 480 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
തലസ്ഥാന നഗരമായ പാരീസിലാണ് ഏറ്റവും രൂക്ഷമായ അക്രമങ്ങൾ അരങ്ങേറിയത്. പ്രകോപിതരായ ജനക്കൂട്ടം പൊതുഗതാഗത സംവിധാനങ്ങൾക്ക് നേരെ തിരിഞ്ഞതോടെ പാരീസിലെ ട്രെയിൻ, ബസ് സർവീസുകൾ പൂർണ്ണമായും താറുമാറായി. നിരവധി വാഹനങ്ങൾക്ക് തീയിടുകയും കടകമ്പോളങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. ക്രമസമാധാന നില വീണ്ടെടുക്കുന്നതിനായി കൂടുതൽ സുരക്ഷാസേനയെ ഫ്രാൻസിലെ പ്രധാന തെരുവുകളിൽ വിന്യസിച്ചിരിക്കുകയാണ്.
France Erupts in Violence After PSG’s Champions League Win; Nationwide Clashes Leave Over 200 Injured












