തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). കഴിഞ്ഞദിവസം നാലുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യംചെയ്യല്‍.
സ്പെയിനിലേക്കുള്ള വിദേശയാത്ര, സ്പോൺസറെ തിരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ എസ്.ഐ.ടി. ആരാഞ്ഞത്. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. അബ്ദുറഹിന്റെ മൊഴി ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്തു അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം, കേസിലെ മുഖ്യ പ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞദിവസം എസ്.ഐ.ടി. പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായും സ്പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കണ്ടെടുത്ത രേഖകളുടെയും മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് മുൻമന്ത്രിയുടെ മൊഴിയെടുത്തത്.
കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയം അബ്ദുറഹ്‌മാൻ, ആന്റോ അഗസ്റ്റിന് വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഇടപെടുകയും വഴിവിട്ട് സഹായിക്കുകയും ചെയ്തെന്നും എസ്.ഐ.ടി. കണ്ടെത്തിയിരുന്നു. കേരളത്തിലേക്ക് മെസ്സി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച് ആന്റോയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയെന്നും അതിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്.
Messi’s Kerala visit sponsorship fraud: SIT questions former Minister V. Abdurahiman.










