
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ ഒരാഴ്ചയ്ക്കുള്ളിൽ വർധിക്കുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിക്കാനാണ് സാധ്യത. ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെ കൂടിയേക്കും. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 993 രൂപയുടെ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ വാണിജ്യ സിലിണ്ടർ വില 3000 രൂപ കടന്നു.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധനവില വർധിക്കുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. ഇറക്കുമതി ചെലവ് വർധിച്ചതിനാൽ വില ഉയർത്താൻ അനുവദിക്കണമെന്ന് എണ്ണക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പൊതുമേഖലാ കമ്പനികൾ വില വർധിപ്പിച്ചിട്ടില്ലെങ്കിലും നയാര ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ വില കൂട്ടിയിട്ടുണ്ട്.
അതേസമയം, ഇന്ധനവില വർധിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കേണ്ടതില്ലെന്നുമാണ് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ വിലക്കയറ്റം ഉണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഗ്യാസിന് പിന്നാലെ പെട്രോൾ, ഡീസൽ വിലകളും ഉടൻ വർധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സിലിണ്ടർ വിലയിൽ 1,380 രൂപയുടെ വർധനവുണ്ടായതായും ഇത് ഏകദേശം 81 ശതമാനം വരുമെന്നും കണക്കുകൾ നിരത്തി അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ജനങ്ങൾക്ക് ലഭിക്കുന്ന ‘ഇലക്ഷൻ ബില്ല്’ ആണ് ഈ വിലവർധനവെന്ന് അദ്ദേഹം പരിഹസിച്ചു. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചത് ചെറുകിട ബിസിനസ്സുകളെയും സാധാരണക്കാരൻ്റെ ഭക്ഷണച്ചെലവിനെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിലക്കയറ്റം ഉണ്ടാകുമെന്ന് താൻ നേരത്തെ നൽകിയ മുന്നറിയിപ്പുകൾ ഇപ്പോൾ സത്യമായിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Fuel prices likely to increase in the country; Report says change may happen within a week















