‘പത്തുകൊല്ലം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, ജനവികാരത്തിനൊപ്പം നിൽക്കാനായില്ല’; സിപിഎമ്മിന്റെ തോൽവിയിൽ ആത്മവിമർശനവുമായി തോമസ് ഐസക്

വള്ളികുന്നം (ആലപ്പുഴ): പത്തുവർഷം തുടർച്ചയായി അധികാരത്തിലിരുന്നപ്പോൾ സിപിഎമ്മിന് അഹങ്കാരം കൂടിയെന്നും ജനങ്ങളുടെ വികാരത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്. ശൂരനാട് സമരസ്മാരകമായി മണയ്ക്കാട് ജങ്ഷന് സമീപം സിപിഎം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ വികാരം കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാർഥികളെ തീരുമാനിക്കാനെന്ന് തോമസ് ഐസക് പറഞ്ഞു. അയ്യപ്പസംഗമത്തിൽ എന്താണ് പറഞ്ഞതെന്ന കാര്യത്തിൽ വ്യക്തമായ വ്യാഖ്യാനം നൽകാനും കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ ബാങ്കുകൾ ജനങ്ങളിൽനിന്ന് പണം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചുനൽകണം. വായ്പയെടുത്തവർ തിരിച്ചടയ്ക്കുകയും വേണം. വായ്പ തിരിച്ചടയ്ക്കാത്തവരെ പാർട്ടിയിൽനിന്ന് പുറത്താക്കണം. എങ്കിൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസമുണ്ടാകൂ. തങ്ങൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും തോമസ് ഐസക് പറഞ്ഞു.

തിരഞ്ഞെടുപ്പിലെ തോൽവിക്ക് നിരവധി പോരായ്മകളുണ്ടെന്നും അവയെല്ലാം തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ഇത്തവണ വലിയ വലതുപക്ഷ ഏകീകരണമാണ് ഉണ്ടായത്. വിജയിക്കാനായി യുഡിഎഫ് ജാതിയെയും മതത്തെയും ഫലപ്രദമായി ഉപയോഗിച്ചെന്നും തോമസ് ഐസക് ആരോപിച്ചു. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണ കമ്മിറ്റി ചെയർമാൻ എൻ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. സി.എസ്. സുജാത, കെ. രാഘവൻ, ബി. ബിനു, ജി. രാജമ്മ, എം.എസ്. അരുൺകുമാർ എംഎൽഎ, വി.കെ. അജിത്, ജെ. രവീന്ദ്രനാഥ്, എൻ.എസ്. സലിംകുമാർ, കെ.വി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

More Stories from this section

family-dental
witywide