കിക്കോഫിന് ദിവസങ്ങൾ മാത്രം; ലോകകപ്പിന് വേദികൾ സജ്ജം, ഫിലഡൽഫിയയിൽ 39 ദിവസത്തെ ഫാൻ ഫെസ്റ്റിവൽ

ന്യൂയോർക്ക്: ചരിത്രമാകാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ മഹാമേളയുടെ കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആതിഥേയ നഗരങ്ങളെല്ലാം പൂർണ്ണ സജ്ജമായി. ഫൈനൽ പോരാട്ടത്തിന് വേദിയാകുന്ന ന്യൂജേഴ്സി ഉൾപ്പെടെ യുഎസിലെ 11 സ്റ്റേഡിയങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. മെക്സിക്കോയും കാനഡയും സഹആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും ആകെ നടക്കുന്ന 104 മത്സരങ്ങളിൽ 78 എണ്ണത്തിനും യുഎസാണ് വേദിയാകുന്നത്. 50 ലക്ഷം മുതൽ ഒരു കോടി വരെ കളിയാരാധകർ മത്സരങ്ങൾ നേരിട്ട് കാണാൻ യുഎസിലെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ആരാധകരെ വരവേൽക്കാൻ ‘ഫാൻ സോണുകൾ’

കാൽപ്പന്തുകളിയുടെ ആരാധകർക്ക് തത്സമയം മത്സരങ്ങൾ ആസ്വദിക്കാനും ആഘോഷിക്കാനുമായി എല്ലാ വേദികളിലും വൻതോതിലുള്ള ഫാൻ സോണുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ പൊതുനിരത്തുകളിലും പ്രത്യേക ആഘോഷ കേന്ദ്രങ്ങൾ പ്രവർത്തിക്കും. പലയിടങ്ങളിലും മത്സര ദിവസങ്ങളിൽ മാത്രമാണ് ആഘോഷമെങ്കിൽ ഫിലഡൽഫിയയിൽ തുടർച്ചയായി 39 ദിവസവും ഫാൻ ഫെസ്റ്റിവൽ നടക്കും എന്നതാണ് പ്രത്യേകത. സാൻഫ്രാൻസിസ്കോയിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായാണ് ഫാൻ സോണുകൾ. അതേസമയം ലോസാഞ്ചലസിൽ പ്രവേശനം ടിക്കറ്റ് വഴിയാക്കി നിയന്ത്രിച്ചിട്ടുണ്ട്. മയാമിയിൽ പ്രശസ്ത ഗായകൻ കാർലോസ് വീവേയ്സിൻ്റെ സ്റ്റേജ് ഷോയും ഡാളസിൽ പ്രമുഖ താരങ്ങളുടെ നീണ്ട നിരയും വിവിധ ദിവസങ്ങളിലായി ആരാധകർക്ക് നയന വിസ്മയ കാഴ്ചകളൊരുക്കും.

യാത്രാ-പാർക്കിങ് നിരക്കുകൾ കുതിച്ചുയരുന്നു

പല ലോകകപ്പ് വേദികളും നഗരഹൃദയങ്ങളിൽ നിന്ന് മാറിയായതിനാൽ ഗതാഗത സൗകര്യങ്ങൾ ആരാധകർക്ക് വലിയ വെല്ലുവിളിയാകും. പൊതുഗതാഗതം ശക്തമല്ലാത്ത ഡാളസിൽ കളി ദിവസങ്ങളിൽ കൂടുതൽ ബസുകൾ ഏർപ്പെടുത്തും. ബോസ്റ്റണിൽ കമ്മ്യൂട്ടർ ട്രെയിനുകൾ സർവീസ് നടത്തുമെങ്കിലും ടിക്കറ്റ് നിരക്ക് 20 ഡോളറിൽ നിന്ന് 80 ഡോളറായി ഉയർത്തിയത് തിരിച്ചടിയാണ്. ന്യൂജേഴ്സിയിൽ പാർക്കിങ് നിരക്ക് മാത്രം 150 ഡോളറിന് (ഏകദേശം 12,500 രൂപയ്ക്ക്) മുകളിലാണ്. ഇവിടെ തിരക്ക് നിയന്ത്രിക്കാൻ യാത്രക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ ഉടൻ കടത്തിവിടുന്ന ‘ഡ്രോപ്പ് ആൻഡ് ഗോ’ സംവിധാനത്തിനാണ് സാധ്യത. അതേസമയം ഫിലഡൽഫിയ, ഹൂസ്റ്റൺ, അറ്റ്ലാൻ്റ എന്നീ നഗരങ്ങളിൽ നിലവിൽ യാത്രാനിരക്കുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.

Kickoff is just days away; venues are ready for the World Cup, 39-day fan festival in Philadelphia

More Stories from this section

family-dental
witywide