സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ ഉത്തരവിറങ്ങി, പ്രഖ്യാപനവുമായി മുഖ്യമന്ത്രി സതീശൻ, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ തിങ്കളാഴ്ച മുതൽ യാത്ര, 800 കോടി ചിലവാകും

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച് സർക്കാർ ഉത്തരവായി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. മുന്നോട്ട് വെച്ച ജനപ്രിയ വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയിലെ ആദ്യ പ്രഖ്യാപനമാണിത്. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പ്രായ-വരുമാന ഭേദമന്യേ എല്ലാ സ്ത്രീകൾക്കും സൌജന്യമായി യാത്ര ചെയ്യാം. ഇതിനുപുറമെ ട്രാൻസ്ജെൻഡേഴ്സിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ഈ സൌജന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം 800 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ നഷ്ടം പൂർണ്ണമായും സംസ്ഥാന സർക്കാർ തന്നെ നികത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. നിലവിൽ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി പ്രതിമാസം നൂറ് കോടി രൂപയോളമാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകി വരുന്നത്. സ്ത്രീകളുടെ സൌജന്യയാത്രാ ചെലവുകൂടി വരുന്നതോടെ ഇത് പ്രതിമാസം 200 കോടി രൂപയ്ക്ക് അടുത്താകും. പദ്ധതിയുടെ തുടർന്നുള്ള വ്യാപിപ്പിക്കൽ കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സി. സർവീസുകൾ താരതമ്യേന കുറവുള്ള മലബാർ മേഖലയിൽ കൂടുതൽ ബസുകൾ അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാർ പ്രത്യേകം പഠനം നടത്തും. നിലവിലുള്ള പ്രതിസന്ധികൾ മറികടക്കാൻ സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന്റെ ആദ്യപടിയായാണ് ഈ വലിയ തീരുമാനമെന്നും, യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിന് ഇത് വലിയ ഊർജ്ജം നൽകുമെന്നും സർക്കാർ വിലയിരുത്തുന്നു.

Government Announces Free KSRTC Ordinary Bus Travel for Women from Monday First of Indira Guarantee Scheme Implemented

More Stories from this section

family-dental
witywide