
അണ്ണാ ഡിഎംകെയിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഗവർണർ ആർലേക്കർ ഇന്ന് രാത്രി ചെന്നൈയിലെത്തും. ഇപിഎസ് – വേലുമണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ അപ്രതീക്ഷിത സന്ദർശനമെന്നാണ് സൂചന. ഇരു വിഭാഗങ്ങളും നേരത്തെ ഗവർണറുടെ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ചെന്നൈയിലെത്തുന്ന ഇപിഎസ് ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സന്ദർശനം പൂർത്തിയാക്കി നാളെ രാത്രിയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും.
അതേസമയം, തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അഞ്ച് മുതൽ ഏഴ് വരെ മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് വിമതപക്ഷം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി വിജയ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ്‌യും ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് പിന്നാലെ മന്ത്രിസഭാ വിപുലീകരണം നടക്കാത്തത് ഭരണതലത്തിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഉയരുന്ന കടുത്ത വിമർശനങ്ങളും എംഎൽഎമാർക്കെതിരെയുള്ള അയോഗ്യതാ ഭീഷണിയും വിജയ്‌യെ വലിയ സമ്മർദ്ദത്തിലാക്കുന്നു എന്നാണ് ടിവികെ വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിലെ തർക്കങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ധാരണയായിട്ടില്ല. രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഗവർണറുടെ ചെന്നൈ സന്ദർശനം നിർണ്ണായകമായി മാറിയിരിക്കുകയാണ്.
Governor Arlekar to Visit Chennai Amid AIADMK Feud; Stalemate in Vijay’s Cabinet Expansion













