
പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ സഭ പിരിച്ചുവിട്ടുകൊണ്ട് ഗവർണർ ആർ എൻ രവി ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജനവിധി അട്ടിമറിച്ചതാണെന്ന് ആരോപിച്ച് മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ കൂട്ടാക്കാത്ത പശ്ചാത്തലത്തിലാണ് ഗവർണറുടെ നീക്കം ശ്രദ്ധേയമാകുന്നത്. മമത മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ, ഗവർണറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അവരെ പുറത്താക്കുന്നതിലോ അല്ലെങ്കിൽ ഹ്രസ്വകാലത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിലോ ഉടൻ തീരുമാനമുണ്ടാകും.
അതിനിടെ, സംസ്ഥാനത്ത് അക്രമസംഭവങ്ങൾ പടരുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അടുത്ത സഹായിയും മുൻ വ്യോമസേനാ ഉദ്യോഗസ്ഥനുമായ ചന്ദ്രനാഥ് രഥിനെ അജ്ഞാതൻ വെടിവച്ചുകൊന്നു. നോർത്ത് 24 പർഗാനാസിലെ മധ്യംഗ്രാമിൽ വച്ച് കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ ആൾ ആറ് തവണയാണ് വെടിയുതിർത്തത്. ഭവാനിപൂരിലെ സുവേന്ദുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ചന്ദ്രനാഥിന്റെ കൊലപാതകം മമതയുടെ തോൽവിയിലുള്ള പ്രതികാരമാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന് പിന്നിൽ അഭിഷേക് ബാനർജിയുടെ ഗൂഢാലോചനയാണെന്ന് ബിജെപി നേതാവ് അർജുൻ സിംഗ് കുറ്റപ്പെടുത്തി.
സംഘർഷാവസ്ഥ നിലനിൽക്കെ തന്നെ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട് പോവുകയാണ്. ശനിയാഴ്ച ബ്രിഗേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി വ്യക്തമാക്കി. നാളെ രാവിലെ അമിത് ഷായുടെ സാന്നിധ്യത്തിൽ ചേരുന്ന നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതയെയും കൊൽക്കത്തയിൽ നിന്നുള്ള മുതിർന്ന നേതാവിനെയും ഉപമുഖ്യമന്ത്രിമാരാക്കാനും സാധ്യതയുണ്ട്. അതേസമയം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കൊൽക്കത്തയിലെത്തി മമത ബാനർജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Governor dissolves WB assembly as Mamata refuses to resign; Suvendu Adhikari’s aide shot dead amid rising tension













