കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. കോടതി ഉത്തരവോടെ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാം.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019-ൽ ഒരാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച കേസ്, 2023-ൽ വീടും വാഹനങ്ങളും തകർത്ത കേസ്, പകതീർക്കാൻ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസ് എന്നിവ ഇയാൾക്കെതിരെയുണ്ട്. കൂടാതെ, ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചത് ഉൾപ്പെടെ രണ്ട് മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമ കേസുകളിലും ഇയാൾ പ്രതിയാണ്.
2025-ൽ ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസും, 2026 ഫെബ്രുവരിയിൽ അന്ന് എം.എൽ.എയായിരുന്ന വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ഉദ്ഘാടനം തടസ്സപ്പെടുത്തിയ കേസും ഇയാൾക്കെതിരെയുണ്ട്. ഈ കേസുകളെല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇയാളെ വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.
Kerala High Court Quashes KAAPA Order Against BJP Councillor R. Sugathan













