‘സമവായം ലക്ഷ്യമിട്ട്’, ഒമാനിൽ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ മാറ്റിവെച്ചു

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് സാധ്യമായ ധാരണകൾ ചർച്ച ചെയ്യുന്നതിനായി ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ ഒമാനിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു. സെപ്റ്റംബർ 14ന് നടത്താനിരുന്ന യോഗം ‘ഐക്യത്തിന്റെ താൽപര്യത്തിൽ’ മാറ്റിവച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി സെപ്റ്റംബർ 13ന് വൈകിട്ട് എക്സിൽ അറിയിച്ചു. പ്രാദേശിക സ്ഥിരതയ്ക്കും ദീർഘകാല സഹകരണത്തിനും സഹായിക്കുന്ന സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചില പ്രാദേശിക രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് യോഗം മാറ്റിവച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനും മസ്‌കറ്റും സംയുക്തമായാണ് തീരുമാനമെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ഇറാന്റെയും ഒമാന്റെയും ശ്രമങ്ങൾ ചർച്ച ചെയ്യാനാണ് പ്രാദേശിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഒമാനിൽ യോഗം ചേരേണ്ടിയിരുന്നത്.

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും യുദ്ധം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ജലപാതയായി കണക്കാക്കപ്പെട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം ഇപ്പോഴും വളരെ കുറവാണ്. കപ്പലുകൾക്ക് കടന്നുപോകുന്നതിന് ഫീസ് ഈടാക്കണമെന്ന താൽപര്യം യുദ്ധത്തിന്റെ തുടക്കം മുതൽ ഇറാൻ പ്രകടിപ്പിച്ചിരുന്നു. കടലിടുക്കിലൂടെ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ ഇറാൻ സമുദ്രപരിധിയിലൂടെ കടന്നുപോകുമെന്നും പുറത്തേക്കുള്ള പാതയുടെ ഒരു ഭാഗം ഇറാൻ ജലപരിധിയിലൂടെയും മറ്റൊരു ഭാഗം ഒമാൻ ജലപരിധിയിലൂടെയുമായിരിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

യോഗം മാറ്റിവയ്ക്കുന്നതിന് മുമ്പ് ഇറാഖ് മാത്രമാണ് പങ്കെടുക്കുമെന്ന് പരസ്യമായി സ്ഥിരീകരിച്ചിരുന്നത്. ഇറാനുമായി നയതന്ത്രബന്ധമില്ലാത്തതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് യോഗത്തെക്കുറിച്ച് നേരത്തെ ചില പ്രതീക്ഷകൾ നിലനിന്നിരുന്നു. യുദ്ധം ആരംഭിക്കുന്നതിൽ പങ്കില്ലാതിരുന്ന ഗൾഫ് രാജ്യങ്ങൾക്കു യുദ്ധത്തിനെതിരെ കൂട്ടായ നിലപാട് സ്വീകരിക്കാനുള്ള വേദിയായി യോഗത്തെ ഉപയോഗിക്കാമെന്നായിരുന്നു പ്രതീക്ഷ. മാസങ്ങളായി ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം നടത്തിവരികയാണ്. തങ്ങളുടെ പ്രദേശങ്ങളിലുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇറാൻ അവകാശപ്പെടുന്നു.

ഇതിനിടെ, ആഗോളതലത്തിലെ പ്രമുഖ വികസ്വര രാജ്യങ്ങളുടെ ഉച്ചകോടിയായ ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥനുമായി വാരാന്ത്യത്തിൽ ‘നല്ലൊരു സംഭാഷണം’ നടത്തിയതായി ഞായറാഴ്ച പറഞ്ഞു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയതായി പെസെഷ്കിയാൻ വ്യക്തമാക്കി.പരസ്പര ആശങ്കകളുള്ള വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. കഴിഞ്ഞ കാര്യങ്ങൾ പിന്നിലാക്കി ഭാവിയിലേക്ക് നോക്കാനും ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കാനുമുള്ള സാധ്യതയാണ് ഞങ്ങൾ ചർച്ച ചെയ്തതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.

Talks between Iran and Gulf countries in Oman postponed ‘in the interests of consensus’

Also Read

More Stories from this section

family-dental
witywide