സഹിച്ചേ മതിയാകൂ! പെട്രോൾ-ഡീസൽ വിലക്കുറവ് ഉടനില്ല; പാർലമെന്‍റ് സമ്മേളനത്തിന് മുമ്പ് സാഹചര്യം വിലയിരുത്തുമെന്ന് സൂചന

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ ഉടൻ കുറവ് ഉണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്ര സർക്കാർ. ഇന്ധനവില സംബന്ധിച്ച അന്തിമ തീരുമാനം പാർലമെന്റ് സമ്മേളനത്തിന് മുമ്പ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കുമെന്നാണ് കേന്ദ്ര വൃത്തങ്ങളിൽ നിന്നുള്ള വിവരം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കാൻ നിലവിൽ സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ബാരലിന് 110 മുതൽ 120 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് സംഘർഷങ്ങൾക്ക് അയവുണ്ടായതോടെ വില 70 മുതൽ 73 ഡോളർ വരെയായി താഴ്ന്നു. ചില ദിവസങ്ങളിൽ ബാരലിന് 70 ഡോളറിന് താഴെയും വില എത്തിയെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ രാജ്യത്ത് പെട്രോളിന് ലിറ്ററിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില.

അതേസമയം, രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ കുറവ് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രണ്ട് വർഷത്തിനിടെ ഒരു സ്വകാര്യ കമ്പനി റീട്ടെയിൽ ഇന്ധനവില കുറയ്ക്കുന്നത് ആദ്യമായാണ്. രാജ്യത്താകെ പ്രവർത്തിക്കുന്ന നയാരയുടെ 7,000-ത്തിലധികം പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതികളും മൂല്യവർധിത നികുതിയും (വാറ്റ്) വ്യത്യാസപ്പെടുന്നതിനാൽ വിവിധ പ്രദേശങ്ങളിൽ വിലയിൽ നേരിയ മാറ്റം ഉണ്ടായേക്കും.

എന്നാൽ രാജ്യത്തെ ഇന്ധന വിപണിയുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്ന പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. അതിനാൽ രാജ്യവ്യാപകമായി പെട്രോൾ-ഡീസൽ വിലക്കുറവ് നടപ്പാകാൻ കേന്ദ്ര സർക്കാരിന്റെ തുടർനിർണായക ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide