ഇന്ധനവിലയിൽ വൻ വർദ്ധനവ്: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ വൻ വർദ്ധനവ്. ഇരു ഇന്ധനങ്ങൾക്കും ലിറ്ററിന് 3 രൂപ വീതമാണ് വർദ്ധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികൾ നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന നിരക്കുകൾ പുതുക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.

വിലവർദ്ധനവോടെ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായി ഉയർന്നു. ഡീസൽ വില ലിറ്ററിന് 89.67 രൂപയിൽ നിന്ന് 90.67 രൂപയായും വർദ്ധിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ പെട്രോളിന് 108.62 രൂപയായി. ഡീസൽ വില ലിറ്ററിന് 97.55 രൂപയായും ഉയർന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ, ആഗോള പ്രതിസന്ധിക്ക് ആനുപാതികമായി വരുത്തേണ്ടിരുന്ന യഥാർത്ഥ വിലവർദ്ധനവിൻ്റെ പത്തിലൊന്ന് മാത്രമാണ് ഇപ്പോൾ കമ്പനികൾ നടപ്പിലാക്കിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന.

പശ്ചിമേഷ്യയിലെ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും 50 ശതമാനത്തിലധികം വർദ്ധിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിക്കുന്നതിന് മുൻപ്, ഫെബ്രുവരിയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരി വില ബാരലിന് 69 ഡോളർ ആയിരുന്നു. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ ഇത് ബാരലിന് ശരാശരി 113 മുതൽ 114 ഡോളർ വരെയായി ഉയർന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ, ആഭ്യന്തര ഉപഭോക്താക്കളെ വലിയ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നിവ 2022 ഏപ്രിലിൽ പ്രതിദിന വില പുതുക്കൽ നിർത്തിവെച്ചിരുന്നു. ഇതുമൂലം 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഈ കമ്പനികൾക്ക് വൻ നഷ്ടം നേരിടേണ്ടി വന്നു. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ നിരക്കുകൾ കുറഞ്ഞപ്പോൾ അവർ ഈ നഷ്ടം നികത്തി. ഉൽപ്പാദനച്ചെലവ് വർദ്ധിച്ചിട്ടും പൊതുമേഖലാ എണ്ണക്കമ്പനികൾ 11 ആഴ്ചയോളം ഇന്ധനവില മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. എന്നാൽ ദൈനംദിന പ്രവർത്തനങ്ങൾ സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് വിലവർദ്ധനവിൻ്റെ ഒരു ഭാഗം ഇപ്പോൾ ഉപഭോക്താക്കളിലേക്ക് കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2022 ഏപ്രിൽ മുതൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2024 മാർച്ചിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം ഒറ്റത്തവണയായി കുറച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്.

Huge increase in fuel prices: Petrol and diesel increased by Rs 3 per liter

More Stories from this section

family-dental
witywide