പാർലമെന്റിൽ നിർണായകദിനം, മണ്ഡലപുനർനിർണയ ബില്ലടക്കം നാളെ എത്താനിരിക്കെ കെ സുധാകരൻ അമേരിക്കയിൽ? തിരികെ എത്തിക്കാൻ തീവ്രശ്രമവുമായി ഹൈക്കമാൻഡ്

ഡൽഹി: മണ്ഡലപുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ, ഓരോ വോട്ടും നിർണായകമായ ഘട്ടത്തിൽ കെ. സുധാകരൻ എം.പിയുടെ വിദേശയാത്ര കോൺഗ്രസിന് തലവേദനയാകുന്നു. യു.എസിലെ ചികിത്സയ്ക്കായി സുധാകരൻ കുടുംബസമേതം 26 ന് രാത്രിയാണ് അബുദാബിയിലേക്ക് പോയത്. രണ്ടുദിവസം അബുദാബിയിൽ തങ്ങിയ ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്നാണ് കുടുംബം സൂചിപ്പിക്കുന്നത്. വിദേശത്തുള്ള സുധാകരനെ തിരികെ എത്തിക്കാൻ കോൺഗ്രസ് നേതാക്കൾ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

എല്ലാ എം.പിമാരോടും നാളെ ഡൽഹിയിൽ എത്തണമെന്നാണ് എ.ഐ.സി.സി നേതൃത്വം കർശന നിർദേശം നൽകിയിരിക്കുന്നത്. സുധാകരനെ ബന്ധപ്പെടാൻ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ പലവഴി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹവുമായി അടുപ്പമുള്ളവരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ അറിയിച്ചിട്ടാണ് സുധാകരൻ വിദേശത്തേക്ക് പോയതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു.

പ്രതിപക്ഷത്ത് വിള്ളൽ വരുത്തി ബിൽ ഏതുവിധേനയും പാസാക്കിയെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 540 അംഗ ലോക്‌സഭയിൽ ബിൽ പാസാക്കാൻ 360 പേരുടെ പിന്തുണയാണ് കേന്ദ്രത്തിന് ആവശ്യമായി വരുന്നത്. എൻ.ഡി.എയുടെ 322 സീറ്റുകൾക്ക് പുറമേ എൻ.സി.പി (എസ്.പി), ഡി.എം.കെ, ജെ.എം.എം, വൈ.എസ്.ആർ.സി.പി എന്നിവരുടെ പിന്തുണ കൂടി ലഭിച്ചാൽ സർക്കാരിന് 359 സീറ്റുകൾ ഉറപ്പിക്കാനാകുമെങ്കിലും ഒരു സീറ്റിന്റെ കുറവുണ്ടാകും. മുഴുവൻ എം.പിമാരുടെയും ഹാജർ ഉറപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഈ നിർണായക സാഹചര്യത്തിൽ സുധാകരന്റെ അഭാവം വലിയ ചർച്ചയാകുന്നത്.

K. Sudhakaran Abroad Ahead of Crucial Delimitation Bill in Parliament; Congress Scrambles to Bring Him Back

More Stories from this section

family-dental
witywide