അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെയും ചൈനയെയും ‘ഭൂമിയിലെ നരകക്കുഴികൾ’ (Hellholes) എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പ് പങ്കുവെച്ച സംഭവത്തിൽ പ്രതികരിക്കാതെ ഇന്ത്യ. വിഷയത്തിൽ ചില റിപ്പോർട്ടുകൾ കണ്ടുവെന്നും എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. വ്യാഴാഴ്ച ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തീവ്ര വലതുപക്ഷ നിരീക്ഷകൻ മൈക്കൽ സാവേജ് എഴുതിയ കുടിയേറ്റ വിരുദ്ധ കുറിപ്പാണ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിൽ റീപോസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ’ എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പിൽ, ഇവിടങ്ങളിൽ നിന്നുള്ള ഗർഭിണികൾ പൗരത്വത്തിനായി അമേരിക്കൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിക്കുന്നുണ്ട്. യുഎസിലെ ജനനസിദ്ധമായ പൗരത്വ നിയമം (Birthright Citizenship) നിർത്തലാക്കണമെന്ന ട്രംപിന്റെ ഉറച്ച നിലപാടിന് പിന്തുണ നൽകുന്നതായിരുന്നു ഈ പോസ്റ്റ്.
ഇന്ത്യയെ ‘നരകക്കുഴി’ എന്ന് വിളിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ പരാമർശം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്നും ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ പ്രതിഷേധം അറിയിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, നയതന്ത്ര മര്യാദകൾ പാലിച്ച് അതിതീവ്രമായ പ്രതികരണങ്ങളിൽ നിന്ന് വിദേശകാര്യ മന്ത്രാലയം തൽക്കാലം ഒഴിഞ്ഞുനിൽക്കുകയാണ്.
India stays silent on Trump’s ‘Hellhole’ remark; MEA says it has seen reports but offers no comment












