മിസോറിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ ടെക്കിയും

വാഷിംഗ്ടൺ: അമേരിക്കയിലെ മിസോറിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ മരണപ്പെട്ട 12 പേരിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ ഇന്ത്യൻ ഐടി പ്രൊഫഷണലും. ഭീമവരം സ്വദേശിയായ സായ് കാർത്തിക് വർമ്മ ദത്‌ല (24) ആണ് അപകടത്തിൽപ്പെട്ട ഇന്ത്യക്കാരൻ. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും 11 സ്കൈഡൈവിംഗ് യാത്രക്കാരുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11:30 ഓടെ മിസോറിയിലെ ബട്‌ലർ മെമ്മോറിയൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം.

‘സ്കൈഡൈവ് കാൻസസ് സിറ്റി’ എന്ന സ്ഥാപനത്തിൻ്റെ പസഫിക് എയ്‌റോസ്‌പേസ് പി750എക്സ്എൽ വിമാനമാണ് തകർന്നുവീണത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയ്ക്ക് സമീപമുള്ള പുൽമേട്ടിലേക്ക് മൂക്കുകുത്തി വീഴുകയും തീപിടിക്കുകയുമായിരുന്നു. റൺവേയിൽ നിന്ന് ഏകദേശം 300 യാർഡ് മാത്രം അകലെയാണ് വിമാനം തകർന്നത്. ആവശ്യത്തിന് ഉയരം കൈവരിക്കാൻ വിമാനത്തിന് സാധിച്ചില്ലെന്നും അടിയന്തര ലാൻഡിംഗിന് പൈലറ്റ് ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നുമാണ് പ്രാഥമിക വിവരം. യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ മിസോറിയിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കിയ സായ് കാർത്തിക്, കാൻസസ് സിറ്റിയിലെ അഡ്വെൻ്റ് ഹെൽത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അവധിദിനത്തിൽ വിനോദത്തിനായി സുഹൃത്തുക്കൾക്കൊപ്പം സ്കൈഡൈവിംഗിന് എത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്.

മരണപ്പെട്ട മറ്റുള്ളവരിൽ ഭൂരിഭാഗവും കാൻസസ്, മിസോറി സ്വദേശികളായ പരിചയസമ്പന്നരായ സ്കൈഡൈവർമാരാണ്. അപകടത്തെക്കുറിച്ച് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സായ് കാർത്തിക്കിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി സുഹൃത്തുക്കളും തെലുങ്ക് പ്രവാസി സംഘടനകളും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുവരികയാണ്.

Indian techie among those killed in tragic Missouri plane crash

More Stories from this section

family-dental
witywide