ഹോർമുസ് തുറക്കണം, ചർച്ചക്കെത്തുന്ന അമേരിക്കൻ പ്രതിനിധി സംഘത്തിന് തീരുമാനമെടുക്കാൻ അധികാരം നൽകണം; ട്രംപിന് മുന്നിൽ ഉപാധിവച്ച് ഇറാൻ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ രണ്ട് പ്രധാന ഉപാധികൾ വെച്ചു. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ ഉപരോധം പിൻവലിച്ച് ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുക്കണമെന്നതാണ് ഇറാന്റെ ഒന്നാമത്തെ ആവശ്യം. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളുടെ രണ്ടാം ഘട്ടം തുടങ്ങുന്നതിന് മുൻപ് ഈ വിഷയത്തിൽ വ്യക്തത വേണമെന്നാണ് ഇറാന്റെ നിലപാട്. കൂടാതെ, ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള പൂർണ്ണ അധികാരം നൽകണമെന്നതാണ് ഡൊണാൾഡ് ട്രംപിന് മുന്നിൽ ഇറാൻ വെച്ചിരിക്കുന്ന രണ്ടാമത്തെ ഉപാധി.

നേരത്തെ ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ പരാജയപ്പെടാൻ കാരണം അമേരിക്കൻ പ്രതിനിധികൾക്ക് തീരുമാനമെടുക്കാൻ അധികാരമില്ലാത്തതാണെന്ന് ഇറാൻ കുറ്റപ്പെടുത്തിയിരുന്നു. അന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പാക് സൈനിക മേധാവി അസീം മുനീർ ഇറാൻ സന്ദർശിക്കുകയും വൈകാതെ വാഷിംഗ്ടണിലേക്ക് തിരിക്കുകയും ചെയ്യും. ഇസ്രായേലിൽ നിന്നോ അമേരിക്കയിൽ നിന്നോ തുടർ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ ഹോർമുസിൽ ഒമാൻ തീരത്തോട് ചേർന്ന് കപ്പലുകൾ വിടാമെന്ന വിട്ടുവീഴ്ചയ്ക്കും ഇറാൻ തയ്യാറായേക്കുമെന്നാണ് സൂചന.

അതേസമയം, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം നീക്കണമെന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന് മേൽ അമേരിക്ക ഉപരോധം കടുപ്പിക്കുന്നത് ആഗോള എണ്ണ വിപണിയിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇതിനുപുറമെ, ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് മേലും അമേരിക്ക നിയന്ത്രണങ്ങൾ കർക്കശമാക്കുകയാണ്. പശ്ചിമേഷ്യയിൽ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി ആവർത്തിക്കുമ്പോഴും, അമേരിക്കയുടെ നിലപാടുകൾക്ക് അനുസരിച്ചായിരിക്കും ചർച്ചകളുടെ ഭാവി നിശ്ചയിക്കപ്പെടുക.

Iran sets tough conditions for peace talks: Demands end to Hormuz blockade and empowered US team

More Stories from this section

family-dental
witywide