
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ചൊവ്വാഴ്ച പാകിസ്താൻ സന്ദർശിക്കും. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം ആണ് ഈ വിവരം പുറത്തുവിട്ടത്. 2025ന് ശേഷം പ്രസിഡന്റ് പെസെഷ്കിയാൻ നടത്തുന്ന ആദ്യ വിദേശ ഔദ്യോഗിക സന്ദർശനമാണിത്.
ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഹ്രസ്വ സന്ദർശനമായിരിക്കും ഇതൊയെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ഹബീബ് അബ്ബാസിയെ ഉദ്ധരിച്ച് തസ്‌നിം റിപ്പോർട്ട് ചെയ്തു. ഇതിനുമുമ്പ് 2025 ഓഗസ്റ്റിലാണ് പെസെഷ്കിയാൻ അവസാനമായി പാകിസ്താൻ സന്ദർശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സന്ദർശനം.
അതേസമയം, ഇറാനുമായുള്ള ദീർഘകാല വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഇറാനിയൻ എണ്ണ വില്പനയ്ക്കുള്ള ഉപരോധങ്ങൾ ട്രംപ് ഭരണകൂടം താല്ക്കാലികമായി നീക്കി. സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് തിങ്കളാഴ്ച 60 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ഉത്തരവിറക്കിയത്. ഇറാനുമായി നടത്തിയത് തികച്ചും ഫലപ്രദമായ ചർച്ചകളായിരുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കാമെന്നും ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇൻസ്പെക്ടർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നൽകാമെന്നും ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് സ്കോട്ട് ബെസെന്റ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറാന് എണ്ണ ഉൽപ്പാദിപ്പിക്കാനും വിതരണം ചെയ്യാനും വിൽക്കാനുമുള്ള അനുമതി താല്ക്കാലികമായി ട്രഷറി വകുപ്പ് നൽകിയത്. ഈ പുതിയ ഇളവ് പ്രകാരം ഓഗസ്റ്റ് 21 പുലർച്ചെ 12:01 വരെ അമേരിക്ക ഉൾപ്പെടെയുള്ള ലോകത്തെ ഏത് രാജ്യങ്ങളിലേക്കും ഉപരോധങ്ങളില്ലാതെ എണ്ണ കയറ്റുമതി ചെയ്യാൻ ഇറാന് സാധിക്കും.














