
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ വ്യോമസേന. ജനവാസ മേഖലയായ ദഹിയേയിൽ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗർഭ ഓപ്പറേഷൻ റൂമും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണം. ആക്രമണത്തിൽ ഈ കേന്ദ്രം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി അതിശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായത്. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഹിസ്ബുള്ളയുടെ ഈ ഭൂഗർഭ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയർന്നതായും നിരവധി കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ ഇപ്പോഴും കടുത്ത യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
അതിർത്തിയിലെ വെടിനിർത്തൽ ധാരണകളെ പൂർണ്ണമായി ബാധിക്കുന്ന തരത്തിലാണ് ഇസ്രായേലിന്റെ പുതിയ ചടുല നീക്കം. ഇറാൻ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രങ്ങളിലാണ് ഇപ്പോൾ ബോംബാക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തിന് മുന്നോടിയായി പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആക്രമണത്തിലുണ്ടായ കൃത്യമായ നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ വിവരങ്ങൾ ലബനൻ ആരോഗ്യ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Israel Air Force Strikes Beirut; Claims Destruction of Strategic Hezbollah Command Center












