കണ്ണൂരിൽ രഹസ്യ ഗ്രൂപ്പ് യോഗം? കെ സി വേണുഗോപാൽ – കെ സുധാകരൻ അനുകൂലികൾ യോഗത്തിന് ശ്രമിച്ചു; മാധ്യമങ്ങൾ അറിഞ്ഞതോടെ പിൻവലിഞ്ഞു

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് ഉൾക്കളികൾക്കിടെ കെ സി വേണുഗോപാൽ – കെ സുധാകരൻ അനുകൂലികളുടെ രഹസ്യ ഗ്രൂപ്പ് യോഗത്തിന് കണ്ണൂരിൽ ശ്രമം നടന്നതായി റിപ്പോർട്ട്. കെ സുധാകരന്റെ വീട്ടിൽ നടത്താനിരുന്ന യോഗം മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയതോടെ മാറ്റിവെച്ച് നേതാക്കൾ മടങ്ങുകയായിരുന്നു. കെ സുധാകരൻ അനുകൂലികളും ജില്ലയിലെ കെ സി വേണു​ഗോപാൽ അനുകൂലികളും ചേർന്നായിരുന്നു യോഗം സംഘടിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

മുൻ ഡിസിസി ഭാരവാഹികൾ, കെപിസിസി നേതാക്കൾ, കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. നിശ്ചയിച്ച പ്രകാരം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയതോടെ യോഗം ഒഴിവാക്കി നേതാക്കൾ മടങ്ങുകയായിരുന്നു. “കെ. സുധാകരനെ സാധാരണ പോലെ കാണാൻ വന്നതാണ്” എന്നായിരുന്നു യോഗത്തിനെത്തി മടങ്ങിയവരുടെ പ്രതികരണം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കെ സുധാകരൻ നേരത്തേയും സ്വീകരിച്ചിരുന്നത്. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ പരസ്യമായി വ്യക്തമാക്കിയതുമുണ്ട്. ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അനുയായികളുമായി വീട്ടിൽ യോഗം വിളിക്കാൻ ശ്രമിച്ചതെന്നത് രാഷ്ട്രീയമായി ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.

More Stories from this section

family-dental
witywide