എൽഡിഎഫ് 36, യുഡിഎഫ്-102, എൻഡിഎ-02… ഹരിപ്പാട് രമേശ് ചെന്നിത്തല, വടകരയിൽ കെ.കെ രമ, പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ, പാലയിൽ മാണി സി കാപ്പൻ, വിജയത്തിലാറാടി യുഡിഎഫ് – Live…

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ഭരണകക്ഷിയായ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടങ്ങളിലെല്ലാം പിന്നിലായത് ഇടത് കോട്ടകളെ അമ്പരപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പിണറായി വിജയൻ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നേറുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഉറച്ച കോട്ടയായ ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് ലീഡ് ഉയർത്തുന്ന കാഴ്ച ഇടത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. മന്ത്രിസഭയിലെ 13 പ്രമുഖ മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലാണ്. തൃത്താലയിൽ എം.ബി. രാജേഷും, ആറന്മുളയിൽ വീണാ ജോർജും കടുത്ത പോരാട്ടത്തിൽ പിന്നിലായി നിൽക്കുന്നു. മാനന്തവാടിയിൽ ഒ.ആർ. കേളുവും, ഇരിഞ്ഞാലക്കുടയിൽ ആർ. നേമം, കളമശ്ശേരി, ഇടുക്കി, ചടയമംഗലം തുടങ്ങിയ മണ്ഡലങ്ങളിലും മന്ത്രിമാർ പിന്നിലായതോടെ ഇടത് ക്യാമ്പുകളിൽ ആശങ്ക പടർന്നിട്ടുണ്ട്. സംസ്ഥാനത്തുടനീളം യു.ഡി.എഫ് അനുകൂല തരംഗമാണ് പ്രകടമാകുന്നത്. ബിന്ദുവും യു.ഡി.എഫിൻ്റെ മുന്നേറ്റത്തിന് മുന്നിൽ പതറുകയാണ്.

01.58 PM- ലീഡ് നില- എൽഡിഎഫ് 36, യുഡിഎഫ്-102, എൻഡിഎ-02

01.50 PM-മാണി സി കാപ്പനെ നെഞ്ചോട് ചേർത്ത് പാല, വിജയം രണ്ടായിരത്തിലേറെ വോട്ടുകൾക്ക്

01.39 PM- കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയ്ക്ക് മിന്നും വിജയം, പീരുമേട്ടിൽ സിറിയക് ജോണിനും ജയം

01.30 PM- വടകരയിൽ ആർഎംപി നേതാവ് കെ കെ രമ വിജയിച്ചു, ആലത്തൂരിൽ ടി എം ശശി ( LDF) വിജയിച്ചു

തൊടുപുഴയിൽ അപു ജോൺ ജോസഫിന് ജയം

01.15 PM- ഹരിപ്പാട്: രമേശ് ചെന്നിത്തല വിജയിച്ചു, 22000-ലേറെ ഭൂരിപക്ഷം

12.55 PM- പാർട്ടിക്കോട്ട പിളർന്നു, തളിപ്പറമ്പിൽ ശ്യാമള തോൽവിയിലേക്ക്

12.45 PM- 47000-ലധികം ഭൂരിപക്ഷം പിന്നിട്ട് ചാണ്ടി ഉമ്മൻ

12.30 PM- കേരള കോൺഗ്രസ് (എം)-നും കനത്ത തിരിച്ചടി

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)-നും കനത്ത തിരിച്ചടി. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിലും, മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിലും പിന്നിലാണ്.

12.05 PM – ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ

12.00 PM- പയ്യന്നൂരിലെ ചുവപ്പ് മായുന്നു, സി.പി.എമ്മിൽ വൻ തകർച്ച, വി. കുഞ്ഞികൃഷ്ണനാണ് ശരിയെന്ന് ജനവിധി

11.37 AM- പ്രമുഖ മന്ത്രിമാർ പരാജയഭീതി നേരിടുമ്പോൾ ലീഡ് ചെയ്ത് പി.എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുകയും പ്രമുഖ മന്ത്രിമാർ പരാജയഭീതി നേരിടുകയും ചെയ്യുമ്പോഴും ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ലീഡ് നിലനിർത്തുന്നു. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടങ്ങൾ മുതൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിനേക്കാൾ മുന്നിലെത്താൻ റിയാസിന് സാധിച്ചു.

11.30 AM- എൽഡിഎഫ് 40, യുഡിഎഫ്-97, എൻഡിഎ-03

ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന വടകര നിയമസഭാ മണ്ഡലത്തിൽ കെ.കെ. രമ മുന്നേറ്റം തുടരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഗണ്യമായ വോട്ടുകൾക്ക് പിന്നിലാക്കിയാണ് രമയുടെ മുന്നേറ്റം.

11.15 AM- പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തരംഗം

പുതുപ്പള്ളി പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ. വോട്ടെണ്ണലിൻ്റെ ഓരോ റൗണ്ട് പിന്നിടുമ്പോഴും ലീഡ് നില ഉയർത്തുന്ന ചാണ്ടി ഉമ്മൻ 25000-ലേറെ ഭൂരിപക്ഷത്തിലേക്കാണ് കുതിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെഎം രാധാകൃഷ്ണനും എൻഡിഎ സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനത്തിനും എതിരെ വലിയ ആധിപത്യമാണ് വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടം മുതൽ അദ്ദേഹം പുലർത്തുന്നത്.

11.14 AM – അ‍ഞ്ചാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

11.00 AM- എൽഡിഎഫ് 38, യുഡിഎഫ് 101, എൻഡിഎ 1

10.54 AM – നേമത്ത് മാത്രം എൻഡിഎ ലീഡ്

കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണലിൻ്റെ നിർണ്ണായക ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിൽ. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ഏകദേശം രണ്ടായിരത്തോളം വോട്ടുകളുടെ ലീഡാണ് എൻഡിഎ സ്ഥാനാർത്ഥി നിലനിർത്തുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ മന്ത്രിയുമായ വി. ശിവൻകുട്ടി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

10.44 AM- ധർമടത്ത് നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ തന്നെ

10.37 AM- തൃക്കാക്കര- ഉമാ തോമസ് മുന്നിൽ, എൻഡിഎയുടെ അഖിൽ മാരാർ പിന്നിൽ

10.32 AM- ഹരിപ്പാട് : രമേശ് ചെന്നിത്തല മുന്നിൽ

ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല ലീഡ് ചെയ്യുന്നു. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ തന്നെ തന്റെ ഉറച്ച കോട്ടയിൽ ചെന്നിത്തല മേധാവിത്വം നിലനിർത്തുകയാണ്.

10.27 AM- പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മുന്നിൽ

കേരളം ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മുന്നിൽ. ആദ്യ ഘട്ട വോട്ടെണ്ണൽ മുതൽ തന്നെ കൃത്യമായ ലീഡ് നിലനിർത്താൻ പിഷാരടിക്ക് സാധിക്കുന്നുണ്ട്. ഇടതുമുന്നണിയുടെയും എൻ.ഡി.എയുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിച്ചാണ് യു.ഡി.എഫിന്റെ ഈ മുന്നേറ്റം. കലാ-സാംസ്കാരിക രംഗത്തെ തന്റെ ജനപ്രീതി വോട്ടായി മാറ്റാൻ പിഷാരടിക്ക് സാധിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർ വലിയ ആവേശത്തിലാണ്.

10.13 AM- ധർമ്മടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

10.08 AM-ഇടുക്കിയിൽ റോഷി അഗസ്റ്റിൻ പിന്നിൽ

ഇടുക്കി നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിലെ മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ റോഷി അഗസ്റ്റിൻ പിന്നിലാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി റോയി കെ. പൗലോസ് മണ്ഡലത്തിൽ മുന്നേറ്റം നടത്തുന്നു. കഴിഞ്ഞ 25 വർഷമായി റോഷി അഗസ്റ്റിൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ ഇടുക്കിയിൽ 75.07% വോട്ടിങ് രേഖപ്പെടുത്തിയിരുന്നു. എൻ.ഡി.എയ്ക്ക് വേണ്ടി ബി.ഡി.ജെ.എസിലെ അഡ്വ. പ്രതീഷ് പ്രഭയാണ് മത്സരരംഗത്തുള്ളത്.

10.02 AM- ആയിരത്തിലേറെ വോട്ടുകൾക്ക് മാത്യു കുഴൽനാടൻ മുന്നിൽ

മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിലെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ. അരുണുമായി ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ, പോസ്റ്റൽ വോട്ടുകളിലും ആദ്യ റൗണ്ടുകളിലും മാത്യു കുഴൽനാടൻ ലീഡ് നിലനിർത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 6,161 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഇവിടെ വിജയിച്ചത്. ഇത്തവണ 81.58 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ, വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മാത്രമേ കൃത്യമായ ഭൂരിപക്ഷം വ്യക്തമാവുകയുള്ളൂ.

9.57 AM- പേരാവൂരിൽ ലീഡ് തിരിച്ചുപിടിച്ച് കെ.കെ. ശൈലജ

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ തുടക്കത്തിൽ യുഡിഎഫിന്റെ സണ്ണി ജോസഫ് മുന്നേറിയെങ്കിലും ഏറ്റവും പുതിയ സൂചനകൾ പ്രകാരം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്.

9.53 AM – ആയിരത്തിലേറെ വോട്ടുകൾക്ക് രാജീവ് ചന്ദ്രശേർ മുന്നിൽ

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നേറ്റം തുടരുന്നു. ആയിരത്തിലേറെ വോട്ടുകൾക്കാണ് അദ്ദേഹം മുന്നേറ്റം തുടരുന്നത്.

9.45 AM – കേരളം യുഡിഎഫ് തരംഗത്തിലേക്ക്

ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിനെ അപ്രസക്തമാക്കി മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നേടുകയാണ്. വടക്കൻ കേരളം മുതൽ തെക്കൻ ജില്ലകൾ വരെ യുഡിഎഫ് മുന്നേറ്റം ദൃശ്യമാണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 71 സീറ്റുകൾക്കും മുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. പേരാവൂരിൽ സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. എൽഡിഎഫിൻ്റെ ഉറച്ച കോട്ടകളിൽ പോലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.

തളിപ്പറമ്പിൽ പി.കെ. ശ്യാമള ടീച്ചർക്ക് നേരിയ ലീഡ് (32 വോട്ടുകൾ) മാത്രമാണുള്ളത് എന്നത് സിപിഎമ്മിനെ ആശങ്കയിലാക്കുന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നേറ്റം തുടരുന്നത് എൻഡിഎ ക്യാമ്പുകളിൽ ആവേശം പകരുന്നു. സർക്കാരിനെതിരെയുള്ള വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് പ്രാഥമിക സൂചനകൾ. വോട്ടെണ്ണൽ തുടരുന്ന സാഹചര്യത്തിൽ ലീഡ് നില ഇനിയും മാറിമറിയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പ്രാഥമിക കണക്കുകൾ യുഡിഎഫിന് അനുകൂലമായ ഭരണമാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

9.30 AM – പാലായിൽ ജോസ് കെ.മാണി പിന്നിൽ

പാലായിൽ ജോസ് കെ.മാണിയെ പിന്നിലാക്കി സ്വതന്ത്ര സ്ഥാനാർത്ഥി മാണി സി കാപ്പൻ മുന്നിലാണ്. കണ്ണൂർ ജില്ലയിലെ പേരാവൂർ മണ്ഡലത്തിൽ യു.ഡി.എഫ് (കോൺഗ്രസ്) സ്ഥാനാർത്ഥി സണ്ണി ജോസഫ് മുന്നേറ്റം തുടരുന്നു. സിറ്റിംഗ് എം.എൽ.എ ആയ അദ്ദേഹം നിലവിൽ വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്.

ചിറ്റൂരിൽ സുമേഷ് അച്യുതൻ മുന്നിൽ. അതേസമയം, ധർമ്മടത്ത് പിണറായി വിജയൻ 733 വോട്ടിന് പിന്നിലാണ്.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ കെ മുരളീധരൻ മുന്നിൽ, എൽഡിഎഫിൻ്റെ വികെ പ്രശാന്തും, എൻഡിഎയുടെ ആർ ശ്രീലേഖയും പിന്നിലാണ്. എൽഡിഎഫ്-49, യുഡിഎഫ്-86, എൻഡിഎ-05. എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

8.45 AM- നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ

നേമം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നേറ്റം നടത്തുന്നു. ആദ്യ ഘട്ട ട്രെൻഡുകൾ അനുസരിച്ച് അദ്ദേഹം വോട്ടെണ്ണലിൽ ലീഡ് ചെയ്യുന്നു.വി. ശിവൻകുട്ടി (എൽ.ഡി.എഫ്), കെ.എസ്. ശബരീനാഥൻ (യു.ഡി.എഫ്) എന്നിവർ പിന്നിലാണ്. ആദ്യ ലീഡ് നിലയിൽ വി ശിവൻകുട്ടിയായിരുന്നു മുന്നിൽ.

8.30 AMപി.കെ. ശ്യാമളയും ജി. സുധാകരനും മുന്നിൽ

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ നിലവിൽ മുന്നിലാണ്. ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് അവർ 32 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പുറത്തുവരുന്ന ആദ്യ സൂചനകൾ പ്രകാരം അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി. സുധാകരൻ നേരിയ ലീഡ് ഉയർത്തുന്നതായാണ് റിപ്പോർട്ടുകൾ. എൻ.ഡി.എ കേന്ദ്രങ്ങളിൽ ആവേശം പകർന്ന് പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നിൽ.

8.00 AM – തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി; കേരളം ഉറ്റുനോക്കുന്ന വിധിയെഴുത്തിൻ്റെ ആദ്യ സൂചനകൾ ഉടൻ; നെഞ്ചിടിപ്പിൽ മുന്നണികൾ

കൃത്യം എട്ടു മണിയോടെ സ്ട്രോങ്ങ് റൂമുകൾ തുറന്ന് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാണ്. തപാൽ വോട്ടുകൾക്ക് പിന്നാലെ എട്ടരയോടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പോളിംഗ് ശതമാനത്തിൽ ഇത്തവണ വലിയ വർധനവ് ഉണ്ടായതിനാൽ ഭരണ-പ്രതിപക്ഷ മുന്നണികൾ ഒരുപോലെ നെഞ്ചിടിപ്പിലാണ്. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർവീസ് വോട്ടുകളും പോസ്റ്റൽ ബാലറ്റുകളുമാണ് ഇപ്പോൾ എണ്ണുന്നത്. എട്ടരയോടെ വോട്ടിംഗ് മെഷീനുകൾ തുറക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശനമായ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒൻപത് മണിയോടെ ഓരോ മണ്ഡലത്തിലും ആർക്കാണ് മുൻതൂക്കമെന്ന് വ്യക്തമാകും. ഭരണത്തുടർച്ച ഉറപ്പിച്ച് എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസത്തിൽ യുഡിഎഫും മുന്നേറുമ്പോൾ, നിർണ്ണായക സ്വാധീനമാകാൻ എൻഡിഎയും ശ്രമിക്കുന്നു. കേരളത്തിൻ്റെ അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്ന് ഉച്ചയോടെ ഏകദേശ ചിത്രം വ്യക്തമാകും.

2.71 കോടി വോട്ടർമാരുള്ള കേരളത്തിൽ, ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 883 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ വരുത്തിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (Special Intensive Revision) ശേഷമാണ് സംസ്ഥാനം പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങിയത്. ഈ നടപടിയെത്തുടർന്ന് വോട്ടർമാരുടെ എണ്ണം 2.78 കോടിയിൽ നിന്ന് 2.71 കോടിയായി കുറഞ്ഞിരുന്നു.

Updating…

Kerala Assembly Election Result Update

More Stories from this section

family-dental
witywide