കേരളത്തിൻ്റെ ‘വിധി’ അറിയാൻ ഈയൊരു പകലും രാവും മാത്രം! ഭരണതുടർച്ചയോ ഭരണമാറ്റമോ? ആകാംക്ഷ ബാക്കി, നേതാക്കളെല്ലാം തട്ടകത്തിൽ

തിരുവനന്തപുരം : കേരളം ഉറ്റുനോക്കുന്ന ആ ‘സൂപ്പർ മൺഡേ’ നാളെയാണ്. ഭരണം ആർക്കൊപ്പം നിൽക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. ഭരണത്തുടർച്ചയുടെ കരുത്തിൽ പിണറായി വിജയൻ വീണ്ടും ചരിത്രം കുറിക്കുമോ, അതോ ഭരണമാറ്റത്തിന്റെ കാറ്റ് വീശി യുഡിഎഫ് തിരിച്ചുവരുമോ? ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നേതാക്കളെല്ലാം തങ്ങളുടെ തട്ടകങ്ങളിലാണ്.

മുഖ്യമന്ത്രി തൻ്റെ കോട്ടയായ ധർമ്മടത്ത് (കണ്ണൂർ) തന്നെയാകും ഉണ്ടാകുക. ഫലസൂചനകൾ അനുകൂലമായാൽ അദ്ദേഹം ഉടൻ തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വോട്ടെണ്ണൽ ദിവസം വരെ തിരുവനന്തപുരത്ത് തുടരുകയും. ഫലം വന്നശേഷം തിരുവനന്തപുരത്തു തുടരേണ്ടതുണ്ടെങ്കിൽ അങ്ങനെയും അല്ലെങ്കിൽ കണ്ണൂരിലേക്കു മടങ്ങുകയും ചെയ്യും.

മാറ്റത്തിന് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് രാത്രി തലസ്ഥാനത്തെത്തും. നാളെയും തുടർന്നുള്ള ദിവസങ്ങളിലും അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡൽഹിയിലാണെങ്കിലും വോട്ടെണ്ണലിന്റെ അന്ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വോട്ടെണ്ണൽ ദിനത്തിൽ ബിജെപി സംസ്ഥാന ഓഫിസിലും മത്സരിച്ച നേമത്തുമായി ഉണ്ടാകുമെന്നാണ് വിവരം.

കഴിഞ്ഞ 10 വർഷമായി തുടരുന്ന എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും ജനങ്ങൾ നൽകുന്ന അംഗീകാരമാകുമോ അതോ ഭരണമാറ്റത്തിനുള്ള വിധിയാണോ പെട്ടിയിലുള്ളതെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ നിയമസഭയിലേക്കുള്ള 140 ജനപ്രതിനിധികൾ ആരൊക്കെയെന്ന ചിത്രം വ്യക്തമാകും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒമ്പത് മണിയോടെ സംസ്ഥാനത്തെ ലീഡ് നില സംബന്ധിച്ച ഏകദേശ ചിത്രം ലഭിക്കും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കനത്ത പൊലീസ് സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Kerala assembly election results tomorrow

More Stories from this section

family-dental
witywide