നാളെ അതിനിർണായക ദിനം; എംഎൽഎമാരോട് തിരുവനന്തപുരത്ത് എത്താൻ നിർദേശം; ഹൈക്കമാൻ‍ഡ് പ്രതിനിധികളും എത്തും

തിരുവനന്തപുരം: ദിവസങ്ങളായി നീണ്ടുനിൽക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചയില്‍ നാളെ നിര്‍ണായക ദിനം. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി ആസ്ഥാനത്തായിരിക്കും യോഗം നടക്കുക. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നാളെ തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യം രാവിലെ 11 മണിക്കായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ എംഎല്‍എമാര്‍ക്ക് തിരുവനന്തപുരത്ത് എത്തുന്നതിലെ അസൗകര്യം പരിഗണിച്ച് യോഗം ഉച്ചയ്ക്ക് ഒരു മണിയിലേക്ക് മാറ്റുകയായിരുന്നു. ദീപ ദാസ് മുന്‍ഷിയും രണ്ട് എഐസിസി നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും.

കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പത്താം ദിവസമായ നാളെയാണ് തീരുമാനമുണ്ടാകുമെന്ന് എഐസിസി അറിയിച്ചിരിക്കുന്നത്. വൈകിട്ട് 5.40ഓടെ ദില്ലിയിലെ രാജാജി മാര്‍ഗിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധി, മുക്കാല്‍ മണിക്കൂറിലേറെ ഖര്‍ഗെയുമായി ചര്‍ച്ച നടത്തി.

എകെ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി വീണ്ടും ഫോണില്‍ ആശയവിനിമയം നടത്തി. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ചും അഭിപ്രായം തേടി. എംഎല്‍എമാരുമായും മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

More Stories from this section

family-dental
witywide