യുക്രൈന് മുന്നിൽ കീഴടങ്ങില്ല, സ്വയം പൊട്ടിത്തെറിച്ച് ഉത്തര കൊറിയൻ സൈനികർ; വാഴ്ത്തി കിം ജോങ് ഉൻ, വീരന്മാർ എന്ന് പ്രതികരണം

പ്യോങ്യാങ്: യുക്രൈൻ സൈന്യത്തിന്റെ പിടിയിലാകുന്നത് ഒഴിവാക്കാൻ സ്വയം പൊട്ടിത്തെറിച്ച ഉത്തര കൊറിയൻ സൈനികരെ പരമോന്നത നേതാവ് കിം ജോങ് ഉൻ അഭിനന്ദിച്ചു. ഇവരെ ‘വീരന്മാർ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരുടെ ത്യാഗത്തിന് നഷ്ടപരിഹാരമോ പാരിതോഷികമോ നൽകിയാൽ മതിയാകില്ലെന്നും പറഞ്ഞു. പ്യോങ്യാങിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകം അനാച്ഛാദനം ചെയ്തതിന് പിന്നാലെയായിരുന്നു കിം ജോങ് ഉൻ്റെ പ്രതികരണം എന്നാണ് ബിബിസി റിപ്പോർട്ട്.

“രാജ്യത്തിന്റെ മഹത്വം കാക്കാൻ ഒരു മടിയും കൂടാതെ സ്വയം പൊട്ടിത്തെറിക്കാനും ചാവേർ ആക്രമണങ്ങൾ നടത്താനും തീരുമാനിച്ച അവർ യഥാർത്ഥ വീരന്മാരാണ്. അവരുടെ ജീവത്യാഗത്തിന് വില കണക്കാക്കാനോ പാരിതോഷികം നൽകാനോ സാധിക്കില്ല… ഇതാണ് നമ്മുടെ സൈനികരുടെ ദേശസ്നേഹത്തിന്റെ അർത്ഥം,” എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാസെസ്ലാവ് വോലോഡിനും പങ്കെടുത്തു.

റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കാൻ അയച്ച ഉത്തര കൊറിയൻ സൈനികരാണ് പിടിയിലാകാതിരിക്കാൻ ഗ്രനേഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. യുക്രൈൻ സൈന്യം തടവിലാക്കാതിരിക്കാൻ ഭരണകൂടത്തിന്റെ നിർദ്ദേശം പാലിച്ചാണ് ഇവർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നു. ഉത്തര കൊറിയയിൽ ശത്രുരാജ്യത്തിന്റെ പിടിയിലാകുന്നത് രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്നു.ദക്ഷിണ കൊറിയയുടെ കണക്കുപ്രകാരം, റഷ്യയെ സഹായിക്കാൻ കുറഞ്ഞത് 15,000 സൈനികരെ ഉത്തര കൊറിയ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 6,000ത്തിലധികം പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും അവർ പറയുന്നു. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഉത്തര കൊറിയയോ റഷ്യയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം ആദ്യം ദക്ഷിണ കൊറിയൻ മാധ്യമമായ എംബിസി സംപ്രേഷണം ചെയ്ത യുദ്ധത്തടവുകാരുടെ പരിപാടിയിൽ, തനിക്ക് സ്വയം പൊട്ടിത്തെറിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച ഉത്തര കൊറിയൻ സൈനികന്റെ വാക്കുകളും ശ്രദ്ധേയമായി.

More Stories from this section

family-dental
witywide