ചെന്നിത്തലയുടെ ഫുൾ പേജ് പരസ്യം, ഡിസിസി ജനറൽ സെക്രട്ടറിക്ക് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്

കോൺഗ്രസ് പാർട്ടിയുടെ നിർദ്ദേശങ്ങൾ ലംഘിച്ച് പത്രത്തിൽ മുഴുവൻ പേജ് പരസ്യം നൽകിയ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനെതിരെ കെപിസിസി നടപടി തുടങ്ങി. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയെ സംബന്ധിച്ച ഫോക്കസ് ഫീച്ചർ പരസ്യം നൽകിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് പാർട്ടി വിലയിരുത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കളോ പ്രവർത്തകരോ മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് എഐസിസിയും കെപിസിസിയും നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. ഈ വിലക്ക് നിലനിൽക്കെയാണ് പാർട്ടിയെ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പരസ്യം നൽകിയതെന്ന് നോട്ടീസിൽ പറയുന്നു. പ്രിജിൻ ബാബുവിന്റെ നടപടി സംഘടനയുടെ ഐക്യത്തെ ബാധിക്കുന്നതാണെന്നും നേതൃത്വം വിലയിരുത്തുന്നു.

കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം നൽകണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിലോ നിശ്ചിത സമയത്തിനകം വിശദീകരണം നൽകാതിരുന്നാലോ തുടർ അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്നും കെപിസിസി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കുന്ന ഘട്ടത്തിൽ ഈ നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

KPCC issues show-cause notice to DCC General Secretary over Chennithala advertisement

More Stories from this section

family-dental
witywide