
പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന പ്രചാരണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർഥി പ്രതിഷേധത്തിനെതിരായ അതിക്രമങ്ങളിൽ അതിശക്തമായ ആശങ്ക രേഖപ്പെടുത്തിയ പിണറായി വിജയൻ, ബി.ജെ.പി. എം.പിയും ചാൻസലറുമായ അശോക് കുമാർ മിത്തൽ പോലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് വിദ്യാർത്ഥി പ്രതിഷേധത്തെ ക്രൂരമായി അടിച്ചമർത്തുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. സർവകലാശാല അടച്ച സാഹചര്യത്തിൽ അവിടെ പഠിക്കുന്ന 1500-ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാസൗകര്യവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഉറപ്പാക്കണം. റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ വെച്ച് വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടെന്ന ശബ്ദസന്ദേശം പ്രചരിച്ചതോടെ ക്യാമ്പസിൽ വൻ പ്രതിഷേധവും കെട്ടിടങ്ങളും വാഹനങ്ങളും തകർക്കുന്നതിലേക്ക് നയിച്ച അക്രമ സംഭവങ്ങളും അരങ്ങേറി. തുടർന്ന് നിരവധി വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സർവകലാശാല 10 ദിവസത്തേക്ക് അടച്ചിടുകയും ചെയ്തു. എന്നാൽ ലൈംഗിക അതിക്രമ വാർത്തകൾ വ്യാജമാണെന്നാണ് മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്.
പിണറായിയുടെ കുറിപ്പ്
പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി ജെ പി എം പി അശോക് കുമാർ മിത്തലും മാനേജ്മെന്‍റും പ്രതിഷേധത്തെ പോലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് മുതിർന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ മാനേജ്മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണം. സംഘർഷത്തെ തുടർന്ന് 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ, അവിടെയുള്ള 1500 ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യം.
ജലന്ധറിൽ നിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി എത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാൽ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാൻ തയ്യാറാകണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം.
Lovely University Violence: LoP Pinarayi Vijayan Demands Government Intervention and Safety for Keralite Students












