പെൺസുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി, പെൺസുഹൃത്തും ഡ്രൈവറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

കർണാടകയിൽ പെൺസുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. കർണാടകയിലെ തുംകൂരുവിൽ ബെംഗളൂരു-അങ്കോള പാതയിലാണ് നടുക്കുന്ന സംഭവം നടന്നത്. അങ്കോള ഹെബ്ബുൾ സ്വദേശിയായ നാഗേന്ദ്രയാണ് മരിച്ചത്. കാറിനുള്ളിൽ വെച്ച് കുത്തേറ്റ പെൺസുഹൃത്ത് രമ്യയും ഡ്രൈവറും സമയത്തിന് പുറത്തേക്ക് ചാടിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

കഴിഞ്ഞ ആറ് വർഷമായി അടുപ്പത്തിലായിരുന്ന നാഗേന്ദ്രയും രമ്യയും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത വഴക്കിലായിരുന്നു. ഇന്ന് രാവിലെ കാബ് വിളിച്ചെത്തിയ നാഗേന്ദ്ര രമ്യയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്ന് പരിക്കുകളോടെ രക്ഷപ്പെട്ട രമ്യ പൊലീസിന് മൊഴി നൽകി. യാത്രയ്ക്കിടയിലും ഭീഷണി തുടർന്ന നാഗേന്ദ്ര, കൈവശം കരുതിയിരുന്ന കത്തിയെടുത്ത് രമ്യയുടെ നെറ്റിയിലും കയ്യിലും കുത്തുകയായിരുന്നു. ഭയന്നുപോയ രമ്യ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടുകയും ഇതോടെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് നാഗേന്ദ്ര കാറിനുള്ളിൽ വെച്ച് പെട്രോൾ ബോംബ് പൊട്ടിച്ചത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാഗേന്ദ്ര സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. സ്ഫോടനത്തിൽ കാർ പൂർണ്ണമായും കത്തിയമർന്നു. പരിക്കേറ്റ രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ജീവനക്കാരിയായ രമ്യ, തൊഴിൽരഹിതനായ നാഗേന്ദ്രയുടെ അനാവശ്യ നിയന്ത്രണങ്ങളെ തുടർന്ന് അടുത്തിടെ അകൽച്ച പാലിച്ചിരുന്നു. ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരതയ്ക്ക് മുതിർന്നത്.

Man dies after detonating petrol bomb inside car in Karnataka after stabbing female friend

More Stories from this section

family-dental
witywide