
അഗർത്തല: ത്രിപുര പൊലീസ് മേധാവി അനുരാഗ് ധൻകറിനെ അഗർത്തലയിലുള്ള സംസ്ഥാന പൊലീസ് ആസ്ഥാനത്തെ സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. 1994 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു.
ഓഫീസിലെ ബാത്ത്‌റൂമിൽ തൂങ്ങിയ നിലയിൽ കണ്ട അദ്ദേഹത്തെ ഉടൻ തന്നെ അഗർത്തല ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഫോറൻസിക് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തീവ്രമായ ദുഃഖം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഡിജിപിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നും പ്രതിപക്ഷ പാർട്ടികളായ സിപിഐഎമ്മും കോൺഗ്രസും ആവശ്യപ്പെട്ടു.
Tripura Police Chief found hanging in office; initial suspicion of suicide












