മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നിലെ കാരണം യുഡിഎഫിലെ ഒരു ഘടകകക്ഷി, കിട്ടിയ അവസരം കോൺഗ്രസ് മുതലാക്കി; വെളിപ്പെടുത്തലുമായി മാണി സി കാപ്പൻ

യുഡിഎഫ് മന്ത്രിസഭയിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നിൽ മുന്നണിയിലെ ഒരു പ്രമുഖ ഘടകകക്ഷിയാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി പാലാ എംഎൽഎ മാണി സി. കാപ്പൻ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് താൻ ജയിച്ചുവന്നാൽ മന്ത്രിസ്ഥാനം നൽകാമെന്ന് കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വാക്ക് നൽകിയിരുന്നതാണെന്ന് കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ കാബിനറ്റ് പദവി നൽകുന്നതിനെ ഒരു ഘടകകക്ഷി ശക്തമായി എതിർക്കുകയായിരുന്നുവെന്നും എന്നാൽ ആ കക്ഷിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റ എംഎൽഎ മാത്രമുള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകാനാകില്ലെന്നും, കൂടുതൽ എംഎൽഎമാരുള്ള തങ്ങൾക്ക് പോലും അധിക മന്ത്രിസ്ഥാനം ലഭിക്കുന്നില്ലെന്നും കാണിച്ച് ഘടകകക്ഷി നേതാവ് രംഗത്തുവരികയായിരുന്നു. മുന്നണിയിലുണ്ടായ ഈ തർക്കം കോൺഗ്രസ് തന്ത്രപൂർവ്വം മുതലാക്കിയെന്ന് മാണി സി. കാപ്പൻ കുറ്റപ്പെടുത്തി. ഘടകകക്ഷിയുടെ എതിർപ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങൾ എന്നുള്ളത് കോൺഗ്രസ് തങ്ങളുടെ കൈവശം 12 ആക്കി ഉയർത്തുകയാണ് ചെയ്തത്. യുഡിഎഫ് നേതൃത്വം ഈ വിഷയത്തിൽ കുറച്ചുകൂടി സുതാര്യത കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ താനും അനൂപ് ജേക്കബും ചേർന്ന് ടേം വ്യവസ്ഥയ്ക്ക് തയ്യാറാകുകയായിരുന്നുവെന്ന് കാപ്പൻ വെളിപ്പെടുത്തി. ആദ്യത്തെ രണ്ടര വർഷം അനൂപ് ജേക്കബ് മന്ത്രിയാകട്ടെയെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ധാരണയായത്. ഈ ടേം വ്യവസ്ഥ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തനിക്ക് ആദ്യ പകുതിയിൽ കാബിനറ്റ് പദവിയോടെയുള്ള മാന്യമായ പുനരധിവാസം നൽകുമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും, വകുപ്പുകൾ വരെ ചർച്ച ചെയ്ത ശേഷമാണ് ഈ മാറ്റങ്ങളുണ്ടായതെങ്കിലും തനിക്ക് പരാതികളൊന്നുമില്ലെന്നും വ്യക്തമാക്കിയാണ് കാപ്പൻ പാലായിലേക്ക് മടങ്ങിയത്.

Mani C Kappan reveals coalition partner blocked his cabinet berth; says Congress exploited the situation

More Stories from this section

family-dental
witywide