
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വില്ലാഹെർമോസയിലുള്ള പ്രസിദ്ധമായ തബാസ്കോ ഫെയർഗ്രൗണ്ടിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത സംഗീതനിശ നടന്നുകൊണ്ടിരിക്കെയാണ് പാർക്ക് തബാസ്കോയിലെ എക്സിബിഷൻ ഹാളുകളിൽ ഒന്നിൽ തീ പടർന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾ മേളയിൽ ഉണ്ടായിരുന്ന സമയത്ത് തീപിടുത്തമുണ്ടായത് വലിയ പരിഭ്രാന്തിയ്ക്കും തിക്കിനും തിരക്കിനും കാരണമായി.
അപകടത്തിൽ മരിച്ച അഞ്ചുപേരും മേളയിൽ സ്റ്റാളുകൾ നടത്തിയിരുന്നവരാണെന്ന് പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. തീ പടർന്ന സമയത്ത് വെയർഹൗസിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്തതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. ആകാശത്തേക്ക് കറുത്ത പുക ഉയരുന്നതും ആളുകൾ ചിതറിയോടുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും തബാസ്കോ ഗവർണർ ജാവിയർ മെയ് അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ഗവർണർ, സ്റ്റാളുകൾ കത്തിനശിച്ച വ്യാപാരികളെ സഹായിക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. മേളയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടായ പാളിച്ചകളെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Massive fire breaks out at Mexico fair attended by over 100,000 people: Five dead















