
മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിലെ ചിഹുവാഹുവയിൽ വാഹനാപകടത്തിൽ രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷീൻബോം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലപ്പെട്ടവർ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ ഏജൻ്റുമാരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ഞായറാഴ്ച രാവിലെ ചിഹുവാഹുവയിലെ മയക്കുമരുന്ന് ലാബുകൾ തകർക്കാനുള്ള ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർക്കൊപ്പം രണ്ട് മെക്സിക്കൻ ഉദ്യോഗസ്ഥരും അപകടത്തിൽ മരിച്ചു.
ഫെഡറൽ ഗവൺമെൻ്റിനെ അറിയിക്കാതെ യുഎസ് ഉദ്യോഗസ്ഥർ മെക്സിക്കോയിൽ ഇത്തരം ഓപ്പറേഷനുകൾ നടത്തിയത് രാജ്യത്തിൻ്റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയമാണെന്ന് പ്രസിഡൻ്റ് ക്ലോഡിയ ഷീൻബോം വ്യക്തമാക്കി. വിദേശ ഉദ്യോഗസ്ഥർക്ക് മെക്സിക്കോയിൽ പ്രവർത്തിക്കാൻ ഫെഡറൽ തലത്തിൽ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ ഈ ഓപ്പറേഷനെക്കുറിച്ച് തനിക്കോ തൻ്റെ സുരക്ഷാ സംഘത്തിനോ അറിവില്ലായിരുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു.
യുഎസ് എംബസി ഇവരെ ‘എംബസി ഉദ്യോഗസ്ഥർ’ എന്ന് വിശേഷിപ്പിച്ചപ്പോൾ, ചിഹുവാഹുവ അധികൃതർ ഇവർ മെക്സിക്കൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ എത്തിയവരാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇവർ സി.ഐ.എ ഏജൻ്റുമാരാണെന്ന് സ്ഥിരീകരിച്ചു.
മെക്സിക്കോയുടെ ദേശീയ സുരക്ഷാ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ യുഎസ് എംബസിയോടും സംസ്ഥാന അധികൃതരോടും മെക്സിക്കൻ സർക്കാർ വിശദീകരണം തേടിയിരിക്കുകയാണ്.
President orders investigation into killing of US officials in Mexico















