
പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ വലിയ ചട്ടലംഘനവും തിരിമറിയും നടന്നതായി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ടീമിന്റെ മത്സരം നടത്താനുള്ള സാമ്പത്തിക ശേഷി പരിശോധിക്കാതെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ (RBC) സ്പോൺസറാക്കിയതെന്നും, കമ്പനിയുടെ കോർപ്പറേറ്റ് രേഖകളോ അവർ അടച്ച തുക സ്വന്തം ഫണ്ടാണോ എന്ന കാര്യങ്ങളോ പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്പോൺസർക്ക് ബാങ്ക് ഗ്യാരന്റി ഒഴിവാക്കിക്കൊടുക്കാനും ലാഭമുണ്ടാക്കാനും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടു.
വിദേശത്തേക്ക് പണമയച്ചതിൽ വലിയ ഫെമ (FEMA) ചട്ടലംഘനം നടന്നിട്ടുണ്ടെന്നും ഇതിൽ കായിക വകുപ്പിന് പങ്കുള്ളതായി സംശയിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഫെമ ഷെഡ്യൂൾ 2 പ്രകാരം പണം അയച്ചതിലൂടെ സ്പോൺസർക്ക് ബാങ്ക് ഗ്യാരന്റി ഒഴിവാക്കി കിട്ടുകയും വലിയ ലാഭം ലക്ഷ്യമിടുകയും ചെയ്തു. എന്നാൽ സർക്കാരിനുണ്ടാകുന്ന വരുമാനം കണക്കാക്കുകയോ സ്പോൺസറുടെ സാമ്പത്തിക ബാധ്യത പരിശോധിക്കുകയോ ചെയ്യാതെ സ്റ്റേഡിയം കൈമാറാൻ നിർദ്ദേശം നൽകിയതിലും സ്പോർട്സ് കേരള ഫൗണ്ടേഷൻ നടത്തിയ ഇടപാടുകളിലും ഗുരുതരമായ ദുരൂഹതകളുണ്ട്.
മുൻ കായിക മന്ത്രിയുടെ ഓഫീസ് 2022 മുതൽ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) കത്തിടപാടുകൾ നടത്തിയിരുന്നെങ്കിലും കരാർ ഒപ്പിടുന്നത് വരെ മറ്റ് വകുപ്പുകളെ അറിയിച്ചില്ല. സ്പോൺസറെ തീരുമാനിച്ചുള്ള ഔദ്യോഗിക ഉത്തരവ് ഇറങ്ങുന്നതിന് മുൻപേ തന്നെ കരാർ ഒപ്പിട്ടതിലും ഇതിന് ശേഷവും അനുമതി നൽകിയതിലും വലിയ ക്രമക്കേട് നടന്നു. വിഷയം കൈകാര്യം ചെയ്തതിൽ മുൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Messi Sponsorship Scam: Special Secretary Report Reveals Severe Violations and Government System Misuse













